മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പി സി സി അധ്യക്ഷനായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനായി പഠിച്ച പണി പതിനെട്ടും
പയറ്റുന്നതിനിടയിലാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതെന്നും ശ്രദ്ധേയമാണ്. സിദ്ധരാമയ്യയെ മാറ്റി ഡി കെ ശിവകുമാറിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് രണ്ടര വര്‍ഷത്തെ പഴക്കമുണ്ട്. ബി ജെ പിയുടെ കൈയ്യിലായിരുന്ന കര്‍ണാടകയെ തിരികെ പിടിച്ചത് ഡി കെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവിന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കങ്ങളിലൂടേയായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ സിദ്ധരാമയ്യയെന്ന മുതിര്‍ന്ന നേതാവ് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. സിദ്ധരാമയ്യ ഹൈക്കമാന്റില്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പോലും അനിശ്ചിതത്വത്തിലായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത ഭിന്നത ഉടലെടുത്തതോടെ ഒടുവില്‍ എഐസിസി നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി ഡി കെ ശിവകുമാര്‍ അല്പം അയഞ്ഞു.














