വിയന്ന: ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയമായ ‘മാഹേര്‍’ സംഘടനയുടെ സ്ഥാപകയും സന്യാസിനിയുമായ സിസ്റ്റർ ലൂസി കുര്യന്‍ ലോകത്തിനു ഏറ്റവും പ്രചോദനമായ നൂറുപേരുടെ പട്ടികയിൽ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) പ്രസിദ്ധീകരിച്ച ‘ദ വേൾഡ്‌സ് മോസ്റ്റ് ഇൻസ്പയറിംഗ് പീപ്പീൾ 2023’ പട്ടികയിലാണ് മലയാളി കൂടിയായ സിസ്റ്റര്‍ ലൂസി ഇടംനേടിയിരിക്കുന്നത്. ‘ഊം’ എഡിറ്റോറിയൽ ടീമും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയും ചേർന്നാണ് റാങ്കിംഗ് തയ്യാറാക്കിയത്. ‘മാഹേര്‍’ സ്ഥാപകയായ സിസ്റ്റർ ലൂസി കുര്യൻ ശാന്തയായ നായികയാണെന്നും ഇന്ത്യയിലെ തെരുവുകളിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളെ അവര്‍ സംരക്ഷിക്കുകയാണെന്നും ‘ഊം’ ലിസ്റ്റിനോട് അനുബന്ധിച്ച വിശേഷണത്തില്‍ പറയുന്നു. 2021-ലും സിസ്റ്റര്‍ ഈ പട്ടികയില്‍ ഇടം നേടിയിരിന്നു.
2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് – ‘യൂണിറ്റി ഓഫ് റിലീജിയൺസ്’, വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് അടക്കം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ നൂറ്റമ്പതോളം പുരസ്കാരങ്ങള്‍ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്.
1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ഈ സംഘടനയിൽ 8 രാജ്യങ്ങളിൽ നിന്നുള്ള 198 അംഗങ്ങളോളം സേവനം ചെയ്യുന്നുണ്ട്
ജാതിമതകക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂനെയിൽ സ്ഥാപിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision