യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ നടന്ന ശക്തമായ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ, അടിയുറച്ച കത്തോലിക്ക വിശ്വാസിയായ കരോൾ നവ്റോക്കി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച പ്രഖ്യാപിച്ച അന്തിമ ഫലങ്ങൾ അനുസരിച്ച്, വാർസോ മേയർ റാഫാൽ ട്രാസാസ്കോവ്സ്കിയുടെ
49.11% വോട്ടിനെ നേരിയ വ്യത്യാസത്തിൽ മറികടന്ന് 50.89% വോട്ടുകളോടെയാണ് അദ്ദേഹം കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോളണ്ടിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ കരോൾ നവ്റോക്കി പരമ്പരാഗത കത്തോലിക്ക മൂല്യങ്ങൾക്കും
സാംസ്കാരിക, രാഷ്ട്രീയ യാഥാസ്ഥിതികതയ്ക്കും ശക്തമായ മുന്‍തൂക്കം നല്കുന്ന വ്യക്തിയാണ്. ക്രൈസ്തവ വിശ്വാസത്തെ ദേശീയ സംസ്കാരത്തിന്റെ മൂലക്കല്ലായി താൻ കാണുന്നുവെന്നും പോളിഷ് സർക്കാരും കത്തോലിക്കാ സഭയും തമ്മിൽ അടുത്ത ബന്ധം നിലനിർത്തുമെന്നും വിജയത്തിന്
പിന്നാലെ അദ്ദേഹം പറഞ്ഞു. പോളണ്ടിന്റെ ക്രിസ്ത്യൻ പൈതൃകവും സ്വത്വവും ചൂണ്ടിക്കാട്ടി നിരവധി തവണ അദ്ദേഹം സന്ദേശം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ നല്ലതായി കാണപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരിന്നു.













