കടുത്തുരുത്തി; തകര്‍ന്ന് കിടക്കുന്ന തീരദേശ റോഡിനെ കൂടുതല്‍ തകര്‍ച്ചയിലാക്കിയാണ് വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടല്‍. റെയില്‍വേ മേല്‍പാലത്തിന് സമീപത്തായിട്ടാണ് ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്.
ഈ ഭാഗത്ത് ഇതു മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ നേതൃത്വത്തില്‍ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന പൈപ്പ് പൊട്ടി റോഡില്‍ വലിയ ഗര്‍ത്തം രൂപപെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ദിവസം ചെല്ലുംന്തോറും പുറത്തേക്ക് വരുന്ന വെള്ളത്തിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണ്. ഇതു ഇനിയും വര്‍ദ്ധിച്ചാല്‍ റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകും.
ഈ ഭാഗത്ത് രൂപപെട്ടിരിക്കുന്ന കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അപകടകെണിയായി മാറിയിരിക്കുകയാണ്. മീറ്ററുകളോളം ദൂരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര്‍ അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില്‍ പല സ്ഥലത്തായി ഇതിനോടകം പൊട്ടലുണ്ടായി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്‍ന്ന് കിടന്ന തീരദേശ റോഡിന്റെ നാശം പൂര്‍ണാവസ്ഥയിലാക്കിയത്.














