🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 25,2023 ശനി 1198 മീനം 11
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് ഇനി ലോക്‌സഭയിൽ പ്രവേശിക്കാനോ നടപടകളിൽ ഭാഗമാകാനോ സാധിക്കില്ല.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു.
🗞🏵 വിഴിഞ്ഞം തുറമുഖപദ്ധതി നിർമാണത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ സർക്കാരിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം 550 കോടി രൂപ വായ്പനൽകും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന മന്ത്രിതല ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
🗞🏵 വൺവെബ് ഇന്ത്യ-2 ഉപഗ്രഹ വിക്ഷേപണം ഇസ്രോയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നു ഞായറാഴ്ച രാവിലെ ഒന്പതിനു നടക്കും. എൽവിഎം 3 (ജിഎസ്എൽവി മാർക്ക്-3) റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുക
🗞🏵 സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ കെട്ടിടനിർമാണ ഫീസും വർധിപ്പിക്കുന്നു. എത്ര വർധനയുണ്ടാകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറവാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഫീസ് വർധിപ്പിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
🗞🏵 ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ മാർച്ച് 31ന് വിധി. ഡൽഹി റോസ് അവന്യൂ കോടതിയാണ് വിധി പുറപ്പെടുവിക്കുന്നത്. ഈ മാസം 31 വൈകുന്നേരം നാലിന് വിധി പറയുമെന്ന് പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാൽ പറഞ്ഞു.
🗞🏵 കിഴക്കൻ സിറിയയിലെ ദേർ അസ് സോർ പട്ടണത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 11 ഇറാനിയൻ റവല്യൂഷണറി ഗാർഡ് പോരാളികൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം ഇന്ന് ഉച്ചയോടെയാണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്.
🗞🏵 ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ചു നാഷണൽ മെഡിക്കൽ കമ്മീഷന്റെ കത്ത് സർക്കാരിനു ലഭിച്ചു.
🗞🏵 ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു മേൽക്കൂരക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾക്ക് ഒരു അടുക്കള എന്ന രീതിയിൽ ആണെങ്കിൽ പ്രത്യേകം റേഷൻ കാർഡ് ലഭിക്കില്ല.
🗞🏵 ചരക്ക് വാഹന തൊഴിലാളികളും വാഹന ഉടമകളും 28ന് പണിമുടക്കും. കരിങ്കല്ല്, ചെങ്കല്ല്, മണൽ, മണ്ണ് വിഭാഗങ്ങളിലെ ചരക്ക് നീക്കം നടത്തുന്ന വിഭാഗങ്ങളോട് റവന്യൂ, പോലീസ്, ആർടിഒ, മൈനിംഗ് ആൻഡ് ജിയോളജി, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം.
🗞🏵 കോവിഡ് കാലത്ത് പരോളിൽ പോയ എല്ലാ തടവ് പുള്ളികളും 15 ദിവസത്തിനുള്ളിൽ അതാത് ജയിലുകളിലേക്ക് തിരിച്ചെത്തണമെന്ന് സുപ്രീം കോടതി. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരുന്ന കുറ്റവാളികളെയും ഉന്നതാധികാര സമിതിയുടെ ശിപാർശ അനുസരിച്ചാണ് പരോളിൽ വിടാൻ കോവിഡ് കാലത്ത് സുപ്രീം കോടതി അനുമതി നൽകിയത്.
🗞🏵 മുസ്ലിം വിഭാഗത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സീറ്റുകളിലും അനുവദിച്ചിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി കർണാടക. പ്രസ്തുത സംവരണാനുകൂല്യം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് തുല്യമായി വീതിച്ച് നൽകും. കാബിനറ്റ് ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ആകെ സംവരണ ക്വോട്ട 50 ശതമാനത്തിൽ നിന്ന് 56 ശതമാനമായി ഉയർത്തി
🗞🏵 കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കി. 2023 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപടി
🗞🏵 ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് എ.എ റഹിം എം.പി. പോലീസ് വാഹനത്തില്‍ കിങ്‌സ് പോലീസ് ക്യാമ്പിലേയ്ക്കാണ് തങ്ങളെ കൊണ്ടുവന്നത്. ‘ഈ കുറിപ്പെഴുതുന്നത് ഡല്‍ഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പില്‍ ഇരുന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
🗞🏵 60 ചതുരശ്ര മീറ്റര്‍ വരെയുള്ള (650 ചതുരശ്ര അടി ) വീടുകള്‍ക്ക് നികുതി ഒഴിവാക്കി. നേരത്തേ ബിപിഎല്‍ വിഭാഗങ്ങളുടെ 30 ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് മാത്രമായിരുന്നു ഇളവ്. ഒരാള്‍ക്ക് ഒരു വീടിനേ ഇളവുണ്ടാകൂ. ലൈഫ്, പുനര്‍ഗേഹം പദ്ധതികള്‍ക്കു കീഴിലുള്ള ബഹുനില കെട്ടിടങ്ങള്‍ക്കും ഇളവ് ലഭിക്കും. ഫ്ളാറ്റ്, വില്ലകള്‍ക്ക് ഇളവുണ്ടാകില്ല. 9എച്ച് ഫോമില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനത്തിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ, ആകെ വരുമാനം 3.9 ബില്യൺ ഡോളറായി ഉയരുന്നതാണ്.
🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് മുന്‍ കേന്ദ്രമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയത്.
🗞🏵 ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി. 2019-ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
🗞🏵 ജാതി അധിക്ഷേപ കേസില്‍ ശിക്ഷവിധിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഗാന്ധി കുടുംബത്തിന് മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
🗞🏵 നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. 2011ലെ വിധി തിരുത്തി കൊണ്ടാണ് രാജ്യത്ത് തന്നെ നിര്‍ണായകമായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
🗞🏵 പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻമാരായ ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച പുതിയ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്ക് നിരോധിത ബബ്ബർ ഖൽസ ഇന്റർനാഷണലുമായും (ബികെഐ) ഖാലിസ്ഥാൻ അനുകൂല ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് ഫെഡറൽ ഭീകരവിരുദ്ധ ഏജൻസി പറഞ്ഞു.
🗞🏵 ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജമ്മുകശ്മീർ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2,800 മുതൽ 3,000 മീറ്റർ വരെ ഉയരത്തിൽ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പ്രവചിക്കുന്നത്. ബാരാമുള്ള, ദോഡ, ഗന്ധർബാൽ, കിഷ്ത്വാർ, കുപ്വാര, കുപ്വാര പൂഞ്ച്, രംബാൻ, റിയാസി, അനന്ത്‌നാഗ്, കുൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ഹിമപാതം ഉണ്ടാകാനിടയുണ്ടെന്നാണ് വിവരം.
🗞🏵 കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിം കോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
🗞🏵 തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരിയിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ 30 കാരിയായ സെബീന ആണ് മരിച്ചത്. സംഭവത്തിൽ സെബീനയുടെ ആൺസുഹൃത്തിനെ പോലീസ് പിടികൂടി. സെബീനയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആൺസുഹൃത്ത് ഷഹാസിനെ പോലീസ് പിടികൂടിയത്. ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
🗞🏵 യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിനു സമീപം റെക്സ് ഹാം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന വയനാട് സ്വദേശി ഫാ. ഷാജി തോമസ് പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
🗞🏵 മാർ ജോസഫ് പവ്വത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ഉറ്റസുഹൃത്തും സഭൈക്യരംഗത്തെ അതുല്യ വ്യക്തിത്വവുമായിരുന്നുവെന്ന് ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതീയൻ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളിയിൽ മാർ പൗവത്തിലിൻ്റെ ഏഴാം ചരമദിനത്തോടനുബന്ധിച്ചു ഇന്നലെ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. രാവിലെ 9.30 ന് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ അനുസ്മരണ കർമങ്ങൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ വചനപ്രഘോഷണം നടത്തി. പൊതുസമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയ പ്രമുഖരുൾപ്പെടെ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.
🗞🏵 *രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിയമസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം.
🗞🏵 രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംക്‌ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു.
🗞🏵 മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എ.ഡി.എഫ്) രണ്ടാഴ്ചകള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയത് 72 ക്രൈസ്തവരെ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായിരുന്നുവെന്ന് നോര്‍ത്ത് കിവുവിലെ ക്രിസ്ത്യന്‍ നേതാവായ മുലിണ്ടെ എസെമോ, വെളിപ്പെടുത്തി.
🗞🏵 വത്തിക്കാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് രാജ്യം സന്നദ്ധമാണെന്നും രാജ്യത്തിന് സഭ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റ് നാന അടോ. ഫ്രാൻസിസ് പാപ്പ കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തു നടന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, ആരോഗ്യ പുരോഗതി, കാലാവസ്ഥാ വൃതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം സാധ്യമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision