അവാലി (ബഹ്റൈന്‍); വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി നിയമിതനായ മോണ്‍. അൽഡോ ബെരാർഡിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നു. ബഹ്‌റൈനിലെ അവാലിയില്‍ സ്ഥിതി ചെയ്യുന്ന ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടന്ന ചടങ്ങില്‍വെച്ചാണ് മെത്രാഭിഷേകവും അപ്പസ്തോലിക് വികാരിയായുള്ള സ്ഥാനാരോഹണവും നടന്നത്. പരിശുദ്ധ സിംഹാസനത്തിലെ മതാന്തര സംവാദങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മിഗ്വൽ ഏഞ്ചൽ അയൂസോ ഗിക്‌സോട്ട് ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ ന്യൂജെന്റ്, വടക്കൻ അറേബ്യയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ എന്നിവര്‍ സഹകാര്‍മ്മികരായിരിന്നു. ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി, ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ക്ലോഡിയോ ലുറാറ്റി, മെറ്റ്‌സിലെ സഹായമെത്രാൻ ജീൻ പിയറി വുല്ലെമിൻ, മാരോണൈറ്റ് സഭയുടെ അറേബ്യൻ പാത്രിയാർക്കൽ വിസിറ്റേറ്റർ ബിഷപ്പ് ജോസഫ് നഫാ എന്നിവരും ശുശ്രൂഷയില്‍ കാര്‍മ്മികരായി.
കർദ്ദിനാളിനും ആറ് ബിഷപ്പുമാർക്കും പുറമെ 80 വൈദികരും നിരവധി സന്യാസിനികളും രണ്ടായിരത്തിഅഞ്ഞൂറോളം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തുവെന്ന്‍ സതേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഷപ്പ് ആൽഡോ ഉൾപ്പെടുന്ന ട്രിനിറ്റേറിയൻ ഓർഡറിലെ നിരവധി അംഗങ്ങളും തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. 2020 ഏപ്രിൽ 12-ന് അന്തരിച്ച വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്റെ പിന്‍ഗാമിയായി ഇക്കഴിഞ്ഞ ജനുവരി 28നാണ് മോണ്‍. അൽഡോ ബെരാർഡി നിയമിക്കപ്പെട്ടത്.
ഫ്രാൻസിലെ ലോങ്‌വില്ലെ-ലെസ്-മെറ്റ്‌സാണ് അദ്ദേഹത്തിന്റെ സ്വദേശം. 2007 മുതൽ 2010 വരെ മോണ്‍. അൽഡോ ബെരാർഡി മനാമയിലെ (ബഹ്‌റൈൻ) സേക്രഡ് ഹാർട്ട് ഇടവകയിൽ സേവനമനുഷ്ഠിച്ചിരിന്നു. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത്. ഇത് നോർത്തേൺ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് കുവൈറ്റ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരിന്നത്. മലയാളികള്‍ അടക്കം പതിനായിരകണക്കിന് വിശ്വാസികളാണ് നോർത്തേൺ അറേബ്യയുടെ വികാരിയാത്തിന് കീഴിലുള്ളത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision