2025 ജനുവരി 30 വെള്ളി 1199 മകരമാസം 16
വാർത്തകൾ
🗞️👉 കോട്ടയം: സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും 20 കോടി രൂപയും, ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്.
🗞️👉 രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം കെൽട്രോണുമായി സഹകരിച്ച് നടത്തുന്ന ആഡ്ഓൺ കോഴ്സ് ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിർവഹിച്ചു.
🗞️👉 ഇടുക്കി തൊടുപുഴ KSRTC സ്റ്റാൻഡിൽ ജീവനക്കാർ യാത്രക്കാരനെ മർദിച്ചു. യാത്രക്കാരൻ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് വിശദീകരണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയായിരുന്ന ജീവനക്കാരനുമായി സംസാരിക്കുകയും പിന്നീട് അത് വാക്ക് തർക്കത്തിലേക്ക് പോകുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം തുടങ്ങിയെന്നും ഇടുക്കി ഡി റ്റി ഒ വ്യക്തമാക്കുന്നു.
🗞️👉 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് തന്റെ പക്കലെത്തിയത് ചടങ്ങ് കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമെന്ന് നടന്‍ ഷമ്മി തിലകന്‍. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കത്തെത്താന്‍ ഇത്രയും കാലതാമസം കൊറിയര്‍ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കരുതുന്നില്ലെന്നും സാംസ്‌കാരിക വകുപ്പ് കത്തയ്ക്കാന്‍ വൈകിയെന്ന് കരുതുന്നതായും ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ഈ സമയനിഷ്ഠയെ താന്‍ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
🗞️👉 ലോകകേരള സഭയില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാള്‍ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെ- റെയിലിന്റെ ബദലായുള്ള ഈ പദ്ധതിയെക്കുറിച്ചുള്ള ഈ ശ്രീധരന്റെ വാക്കുകള്‍ കേട്ട് ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് അതേക്കുറിച്ച് യാതൊന്നും അറിവുമുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ടെക്‌നോക്രാറ്റ് രീതികള്‍ മാത്രമല്ല അധികാര കേന്ദ്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയായ ഈ ശ്രീധരന്‍ കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്നാണ് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
🗞️👉 രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
🗞️👉 എല്ലാ മേഖലയെയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യമായാണ് പ്രായമായവർക്ക് വേണ്ടി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടുപിടിക്കാനുള്ള ബജറ്റല്ല ഇത്. കേരളത്തിൽ കഴിഞ്ഞ 10 വർഷമായി വികസനത്തെ സംബന്ധിച്ചും സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ചും പുതിയ പുതിയ കാര്യങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത് കെ എൻ ബാലഗോപാൽ പറഞ്ഞു.
🗞️👉 പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന കേസില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്.












