2026 ജനുവരി 28 ന് കൂടിയ മന്ത്രി സഭായോഗം, 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനത്തെ കന്യസ്ത്രീകൾക്കു മാത്രമായി പെൻഷൻ അനുവദിച്ചു എന്ന രീതിയിൽ വക്രീകരിച്ചു നടന്നുവരുന്ന പ്രചരണത്തിലെ വാസ്തവം അറിയേണ്ടതുണ്ട്.
50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:
1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം.
2. അപേക്ഷക അവിവാഹിത ആയിരിക്കണം.
3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.
4. അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her).
5. No person shall be eligible if he/she resorts to habitual begging.
6. കെയറിങ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല.
7. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
8. അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
മുകളിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മതങ്ങളിലെ സന്യസ്തരായ സ്ത്രീകളെയും ഉപവിശാലകളിൽ കഴിയുന്ന വിവിധ മതങ്ങളിൽപ്പെടുന്ന സ്ത്രീകളെയും മറ്റും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. സന്യസ്ത ജീവിതം ഒരു സമൂഹ ജീവിതമാകയാൽ പരിചരണത്തിന് ആരെങ്കിലും ഉണ്ടാകും, സന്യാസ ഭവനങ്ങൾ ഉപവി സ്ഥാപനങ്ങൾ ആണ്, സാധാരണയായി സന്യാസ സമൂഹത്തിലെ ആരെങ്കിലുമൊക്കെ ഗവർമെന്റ് ശമ്പളം കൈപ്പറ്റുന്നവരാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കീമിൽ നിന്നും സന്യസ്തരെ ഇതുവരെ ഒഴിവാക്കിയിരുന്നത്. ഈ തടസങ്ങൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് സ്വാഗതാർഹമാണ്. തടസങ്ങൾ നീക്കുന്ന പ്രായോഗിക നടപടികൾ സർക്കാർ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും എന്ന് കരുതാം.
സമർപ്പിത ജീവിതം നയിക്കുന്നു എന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്തകാലത്താണ് ലഭ്യമായി തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പാക്കേണ്ട ഒരു നയമാണ്.
സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഈ പദ്ധതി, എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുമ്പോൾ കന്യാസ്ത്രീകൾക്ക് മാത്രമായി അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും സാമൂഹിക സ്പർധയ്ക്കു ഇടവരുത്തുന്നതുമാണ്.












