കേരളം നേരിട്ട മഹാമാരികളുടെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ വിവിധ വിദേശ രാജ്യങ്ങൾ നൽകാനിരുന്ന സഹായങ്ങൾ കേന്ദ്ര സർക്കാരിന്റെ പിടിവാശിമൂലം നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ ചോദ്യോത്തര വേളയിൽ മുകേഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് കൈത്താങ്ങാകാൻ ചില വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾ നേരിട്ട് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇത്തരം സഹായങ്ങൾ സ്വീകരിക്കില്ലെന്ന കേന്ദ്രത്തിന്റെ കർക്കശ നിലപാടാണ് സംസ്ഥാനത്തിന് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണത്തിന്റെ കണക്കുകളും അദ്ദേഹം സഭയിൽ വിശദീകരിച്ചു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 5715.92 കോടി രൂപയും, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 2569.15 കോടി രൂപയും ചികിത്സാ ധനസഹായമടക്കം ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉത്തരവായിട്ടും നൽകാതിരുന്ന 36.40 കോടി രൂപയുടെ കുടിശ്ശിക എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് കൊടുത്തുതീർത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ.”












