നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66ന്റെ അപാകതകൾക്കെതിരായ സമരത്തെ അമർച്ച ചെയ്യാൻ ശ്രമം ശക്തമാക്കി അധികൃതർ. കൊട്ടിയത്ത് സമരക്കാർ സ്ഥാപിച്ചിട്ടുള്ള ജനകീയ സമരപ്പന്തൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടിയം പോലീസ് നോട്ടീസ് നൽകി.
കൊട്ടിയത്ത് ഉയരപ്പാതയിലെ വിള്ളലുകൾ ടാറിട്ട് മൂടാൻ ശ്രമം നടത്തിയതുൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കെ, ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാവീഴ്ചയ്ക്കുമെതിരേ സമരം ശക്തമാക്കിയതിന്റെ പ്രതികാര നടപടിയെന്നാണ് ആക്ഷേപം.
കൊട്ടിയം പറക്കുളത്തും എച്ച്.പി. പമ്പിന് മുൻവശത്തും അടിത്തറ ഇളകി വിള്ളലുകൾ വീണിരുന്നു. മതിൽപ്പാളി പുറത്തേക്ക് തള്ളുകയും ചെയ്തു. ചതുപ്പുപ്രദേശമായ ഇവിടെ രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് ആദ്യം വലിയ വിള്ളലുകൾ കണ്ടത്. പോലീസ് സാന്നിധ്യത്തിൽ രാത്രിതന്നെ ഇവിടെ കോൺക്രീറ്റ് സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെ ടാർ ചെയ്ത് റോഡ് നിരപ്പാക്കുകയും ചെയ്തു.













