കണ്ണൂർ: കർഷകരുടെ വിഷയം പറഞ്ഞതിൽ മത പക്ഷമില്ല, രാഷ്ട്രീയ പക്ഷമില്ല ഉള്ളത് കർഷക പക്ഷം മാത്രമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കർഷക വിഷയത്തിൽനിന്ന് മാറ്റിയെടുക്കാൻ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പക്ഷത്ത് ആരു നിൽക്കുന്നോ അവരുടെ കൂടെയായിരിക്കും മലയോര ജനതയും. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്കാ മെത്രാന്മാരെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
ബി ജെ പി മുതലെടുക്കാൻ ശ്രമിച്ചാൽ അതിനു വഴിമരുന്നിട്ടത് ഏതു പാർട്ടിക്കാരാണെന്ന് നിങ്ങൾക്ക് അറിയാം. ഭൂതത്തെ കുടം തുറന്ന് വിട്ടയച്ചിട്ട് നിലവിളിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയ നേതാക്കൾക്ക് പക്വതയും തങ്ങളുടെ പ്രതികരണങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ധാരണയും വേണം. എന്നിട്ട് ബി ജെ പിക്കാർ മുതലെടുക്കുന്നുവെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. ദേശീയ തലത്തിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന പ്രതിസന്ധികളെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്നില്ല. അത് ക്രൈസ്തവ സഭയും ബി ജെ പിയും സംസാരിക്കേണ്ട സാഹചര്യം വന്നാൽ അന്ന് സംസാരിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ബി ജെ പി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയെന്ന ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും ബിഷപ്പ് പ്രതികരണം നടത്തി. തലശേരി ബിഷപ്സ് ഹൗസ് ആതിഥ്യ മര്യാദയുടെ പര്യായമാണ്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ, ജാതി-മതഭേദമന്യേ എല്ലാവർക്കും മുന്നിൽ 24 മണിക്കൂറും തുറന്നിടുന്ന ഭവനമാണത്. സി പി എമ്മിന്റെയും കോൺഗ്രസിന്റെയും ലീഗി ന്റെയും ബി ജെ പിയുടെയും നേതാക്കൾ ഇവിടെ വന്നിട്ടുണ്ട്. ന്യൂനപക്ഷ സെല്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിക്കാനാണ് ബി ജെ പി നേതാക്കൾ തലശേരി ബിഷപ്സ് ഹൗസിൽ വന്നത്. അവരോടൊപ്പം ബി ജെ പി ജില്ലാ പ്രസിഡന്റുമുണ്ടായിരുന്നു.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision