പൊൻകുന്നം: വസ്തുവിന്റെ പോക്കുവരവ് (Mutatution) നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ഓഫീസറെ കോട്ടയം വിജിലൻസ് സംഘം പിടികൂടി. വില്ലേജ് ഓഫീസറായ ബിജു ആണ് അറസ്റ്റിലായത്. പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇദ്ദേഹത്തെ കയ്യോടെ പൊക്കിയത്.
സംഭവം നടന്നത് ഇങ്ങനെ:
വസ്തു സംബന്ധമായ ആവശ്യത്തിനായി എത്തിയ പരാതിക്കാരനോട് ബിജു നേരത്തെ 1000 രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ നടപടികൾ പൂർത്തിയാക്കാൻ 2000 രൂപ കൂടി അധികമായി വേണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. ഇതേത്തുടർന്ന് പരാതിക്കാരൻ കോട്ടയം വിജിലൻസ് യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ നിർദ്ദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകൾ വില്ലേജ് ഓഫീസർക്ക് കൈമാറുന്നതിനിടെ, മറഞ്ഞുനിന്ന ഉദ്യോഗസ്ഥർ ഇയാളെ വളയുകയായിരുന്നു.
അറസ്റ്റ് വിവരങ്ങൾ
വിജിലൻസ് മേഖല എസ്‌പി വിനു ആർ. കുമാറിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പിടിയിലായ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.













