റുവാണ്ട: കണ്ണുനീരും ചോരയും വീണ റുവാണ്ടൻ മണ്ണിൽ നിന്ന് ക്ഷമയുടെയും അതിജീവനത്തിന്റെയും ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു സാക്ഷ്യം കൂടി. തന്റെ കൺമുന്നിലിട്ട് മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയോട് ക്രിസ്തുവിന്റെ സ്നേഹത്തോടെ ക്ഷമിച്ച്, ആത്മീയതയുടെ ഉദാത്ത മാതൃകയാവുകയാണ് ജെസ്യൂട്ട് വൈദികനായ ഫാ. മാഴ്സെൽ ഉവിനേസ.
14-ാം വയസ്സിൽ കണ്ട ക്രൂരത
1994-ൽ റുവാണ്ടയിൽ ഹുട്ടു, ടുട്സി ഗോത്രവർഗ്ഗക്കാർ തമ്മിലുണ്ടായ വംശഹത്യയിൽ എട്ടുലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അന്ന് വെറും 14 വയസ്സുമാത്രമുണ്ടായിരുന്ന മാഴ്സെൽ തന്റെ പിതാവും മാതാവും രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അക്രമികളുടെ കൈകളാൽ കൊല്ലപ്പെടുന്നത് നേരിൽ കണ്ടു. സർവ്വതും നഷ്ടപ്പെട്ട് അനാഥനായ ആ ബാലൻ ക്രിസ്തുവിൽ അഭയം കണ്ടെത്തുകയും പിന്നീട് ജെസ്യൂട്ട് സന്യാസ സമൂഹത്തിൽ ചേർന്ന് വൈദികനാവുകയും ചെയ്തു.
കല്ലറയ്ക്കരികെ കണ്ടുമുട്ടിയ കൊലപാതകി
വർഷങ്ങൾക്ക് ശേഷം 2003-ലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ കണ്ടുമുട്ടൽ ഉണ്ടായത്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്നതിന് മുൻപ് തന്റെ പ്രിയപ്പെട്ടവരുടെ കല്ലറയ്ക്കരികെ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു ഫാ. മാഴ്സെൽ. അവിടെ വെച്ച് അവിചാരിതമായി തന്റെ കുടുംബത്തെ കൊലപ്പെടുത്തിയ ആളെ അദ്ദേഹം കണ്ടുമുട്ടി. തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ ആ മനുഷ്യൻ വൈദികന്റെ മുന്നിൽ മുട്ടുകുത്തി മാപ്പിനായി യാചിച്ചു.
“അതൊരു വലിയ പോരാട്ടമായിരുന്നു. പക്ഷേ, ക്രൂശിതനായ ക്രിസ്തുവിന്റെ ക്ഷമ എനിക്ക് കരുത്തായി. ഞാൻ അയാളെ എഴുന്നേൽപ്പിച്ചു, കെട്ടിപ്പിടിച്ചു, മനസ്സാ വാചാ ക്ഷമിച്ചു,” ഫാ. മാഴ്സെൽ ആ നിമിഷത്തെക്കുറിച്ച് ഓർക്കുന്നു.
‘ഭസ്മത്തിൽ നിന്നുള്ള ഉദയം’
തന്റെ ജീവിതാനുഭവങ്ങളെ കോർത്തിണക്കി “റൈസൺ ഫ്രം ദി ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രാഫി ഇൻ പോസ്റ്റ് – ജിനോസൈഡ് റുവാണ്ട” (Risen from the Ashes) എന്ന പേരിൽ ഫാ. മാഴ്സെൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തിയത്. വംശഹത്യയുടെ വേദനകൾ പേറുന്ന റുവാണ്ടൻ ജനതയ്ക്ക് പ്രത്യാശയും സമാധാനവും നൽകുന്നതാണ് ഈ ജെസ്യൂട്ട് വൈദികന്റെ ജീവിതം.













