2025 ജനുവരി 16 വെള്ളി 1199 മകരമാസം 02
വാർത്തകൾ
🗞️👉 നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. കേരളം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. തിരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചര്‍ച്ചയാകും. കേരളത്തില്‍ വീണ്ടും പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാര്‍ട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച സമാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകനവും ചര്‍ച്ചയാവും. ദേശീയ രാഷ്ട്രീയ സാഹചര്യവും അവലോകനം ചെയ്യുമെന്ന് സിപിഎം വൃത്തങ്ങള്‍ പറഞ്ഞു.
🗞️👉 കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റീയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ വേണ്ടിയാണ് യോഗം ചേരുന്നതെങ്കിലും മുന്നണി മാറ്റ വിവാദങ്ങളും ചര്‍ച്ചയാകും. നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് ജോസ് കെ മാണിക്ക് ആശ്വാസമാണ്.
🗞️👉 ഐഷാപോറ്റി കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി കൊട്ടാരക്കര MLA യും ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ. കുടുംബത്തിലെ ജേഷ്ഠസഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്ന ആളുകളോടൊപ്പം ചേർന്നതിൽ അതീവ ദുഖമുണ്ട്. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല.
🗞️👉 അമേരിക്കയുടെ പാക്‌സ് സിലിക്ക സഖ്യത്തില്‍ ചേര്‍ന്ന് യുഎഇയും. ആധുനിക സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനാനാണ് സഹകരണം. ഖത്തര്‍ കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംരംഭമാണ് പാക്‌സ് സിലിക്ക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുക, നവീകരണത്തെ പിന്തുണയ്ക്കുക, ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് പാക്‌സ് സിലിക്കയിലൂടെ ലക്ഷ്യമിടുന്നത്.
🗞️👉 ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത മലയാളി പാസ്റ്റര്‍ ജയിലില്‍. തിരുവനന്തപുരം സ്വദേശി ആല്‍ബിനാണ് കാണ്‍പൂര്‍ ദെഹാത് ജയിലിലുള്ളത്. കഴിഞ്ഞ 13നാണ് കാണ്‍പൂരിനടുത്ത് ഘാട്ടംപൂരില്‍ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ആല്‍ബിനെയും കുടുംബത്തെയും കസ്റ്റഡിയില്‍ എടുത്തത്. ഭാര്യയെ പിന്നീട് കസ്റ്റഡിയില്‍ നിന്ന് വിട്ടിരുന്നു. ആല്‍ബിനെ 13ന് വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എഫ്‌ഐആര്‍ അടക്കം ലഭിക്കാത്തതിനാല്‍ ജാമ്യത്തിന് ശ്രമിക്കാന്‍ കഴിഞ്ഞില്ല എന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഉടന്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
🗞️👉 ഇന്ത്യ- യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഉടനുണ്ടാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്നും ഏത് തിയതിയില്‍ കരാര്‍ പ്രഖ്യാപിക്കുമെന്ന് പറയാകില്ലെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
🗞️👉 നെടുമ്പാശ്ശേരിയിൽ 46 ഉംറ തീർത്ഥാടകർ കുടുങ്ങി. ഇന്ന് വൈകിട്ട് 6.15 ന് പോകേണ്ട തീർത്ഥാടകരുടെ യാത്രയാണ് മുടങ്ങിയത്. ഒഴിവാക്കിയത് ആകാശ എയർ വിമാനത്തിൽ പോകേണ്ടിയിരുന്ന തീർത്ഥാടകരെ. യാത്രക്കാരെ ഒഴിവാക്കിയത് യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ഇന്ധനം കരുതാൻ എന്ന് വിശദീകരണം.
🗞️👉 ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരും. ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ഇറാനിലെ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഈ സുപ്രധാന വിവരവും പുറത്തുവന്നിരിക്കുന്നത്.













