വത്തിക്കാൻ സിറ്റി: സഭയുടെ സുവിശേഷവൽക്കരണ ദൗത്യങ്ങൾക്ക് കൂടുതൽ കരുത്തുപകരാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന കർദ്ദിനാളുമാരുടെ ആദ്യ അസാധാരണ കൺസിസ്റ്ററി സമാപിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് തിരശ്ശീല വീണത്. അടുത്ത കൺസിസ്റ്ററി ജൂൺ അവസാന വാരത്തിൽ നടക്കുമെന്ന് സമാപന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായി.
സുവിശേഷവൽക്കരണത്തിൽ സഭയെ മുഴുവൻ ഒരേ ലക്ഷ്യത്തിലേക്ക് എങ്ങനെ നയിക്കാം എന്നതായിരുന്നു പ്രഥമ കൺസിസ്റ്ററിയുടെ മുഖ്യ ചർച്ചാവിഷയം. ആരാധനക്രമ സംബന്ധമായ കാര്യങ്ങൾ ചുരുങ്ങിയ രീതിയിൽ മാത്രമാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് ഡർബൻ ആർച്ച് ബിഷപ്പ് എമെറിറ്റസ് കർദ്ദിനാൾ വിൽഫ്രിഡ് നേപ്പിയർ വ്യക്തമാക്കി. വരാനിരിക്കുന്ന യോഗങ്ങളിൽ ഭരണപരമായ മാറ്റങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഷയങ്ങൾ ചർച്ചയായേക്കും.













