എല്ലാം മറന്ന് സുഖമായി ഒന്ന് ഉറങ്ങുക എന്നത് നമ്മളിൽ പലർക്കും ഇന്ന് കഴിയാത്ത കാര്യമാണ്. ഉറക്കം പലർക്കും ഒരു പ്രശ്നം തന്നെയാണ്. ഒന്നുകിൽ ഉറങ്ങാൻ കിടന്നാൽ ഉറക്കം വരാതിരിക്കുക. അല്ലെങ്കിൽ ഉറക്കക്ഷീണം വിട്ടൊഴിയാതിരിക്കുക. ഇതൊക്കെ ഇല്ലാത്തവർ കുറവായിരിക്കും. ഇക്കാലത്ത് മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും എല്ലാം ഉപയോഗം രാത്രി വെളുക്കുവോളം നീളുന്നതും ഉറക്കത്തെ കാര്യമായി ബാധിക്കാറുണ്ട്.
എല്ലാ വർഷവും മാർച്ച് മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ചയാണ് ലോക നിദ്രാ ദിനമായി ആചരിക്കുന്നത്. ഉറക്കം കൂടുന്നതും കുറയുന്നതുമൊക്കെ ആരോഗ്യത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് ലോക നിദ്രാ ദിനത്തിന് പ്രസക്തിയേറുന്നത്.
ഗ്ലോബൽ സ്ലീപ് സൊസൈറ്റിയുടെ ഭാഗമായ വേൾഡ് സ്ലീപ് ഡേ കമ്മിറ്റിയാണ് ലോക നിദ്രാ ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. 2008 മുതലാണ് നിദ്രാ ദിനം ആചരിച്ചു തുടങ്ങിയത്. ഉറക്കക്കുറവിന് കാരണമാകുന്ന പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കുകയും അതുവഴി സമൂഹത്തിലെ ഉറക്കക്കുറവിനെ ഇല്ലാതാക്കുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതം എന്നതാണ് ഈ വർഷത്തെ ലോക നിദ്രാ ദിനത്തിന്റെ തീം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് പ്രസ്തുത തീം.
ഭക്ഷണം കഴിക്കുന്നതും വ്യായാമവുമൊക്കെ പോലെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ഉറക്കവും പ്രധാനമാണ്. എന്നാൽ പലരും ഉറക്കത്തെ ഗൗരവത്തോടെ കാണുന്നില്ലെന്ന് മാത്രമല്ല മതിയായ ഉറക്കം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക നിദ്രാ ദിനം ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നത്.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision