2025 ഡിസംബർ 27 ശനി 1199 ധനു 12
വാർത്തകൾ
👉🗞️ തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി; ലാലി ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്ത് കെപിസിസി
തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിയില്‍ കോണ്‍ഗ്രസില്‍ നടപടി ലാലി ജെയിംസിനെ സസ്‌പെന്‍ഡ് ചെയ്ത്
കെപിസിസി നേതൃത്വം. മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
👉🗞️ ‘വായടപ്പിക്കാന്‍ വേണ്ടി സസ്‌പെന്‍ഷന്‍ ഒക്കെ തരും; സന്തോഷപൂര്‍വം സ്വീകരിക്കുന്നു; പാര്‍ട്ടിയില്‍ തന്നെ തുടരും’; ലാലി ജെയിംസ്
സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികരണവുമായി ലാലി ജെയിംസ് സസ്‌പെന്‍ഷനില്‍ വേദന ഇല്ലെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും ലാലി ജെയിംസ് പറഞ്ഞു. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി വ്യക്തമാക്കി. മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റെന്ന് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ലാലിക്കെതിരായ നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
👉🗞️ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു
കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ, മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
👉🗞️ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര തൂക്കി ഇന്ത്യ
ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടത്തെ മൂന്നാം ട്വന്റി- 20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. പുറത്താകാതെ 79 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ഥന, ജെമീമ റൊഡ്രിഗ്‌സ്, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ എല്ലാം ഇന്ത്യന്‍ ഇലവനില്‍ എത്തിയപ്പോള്‍ സ്‌നേഹ റാണയ്ക്കും അരുന്ധതിക്കും വിശ്രമം നല്‍കി.
👉🗞️ തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവി; ചർച്ച നടത്തി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടായാൽ തിരുത്തും, എം എ ബേബി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെയും തുടർന്ന് രണ്ട് ദിവസങ്ങളിലുമായി വിശദമായി വിലയിരുത്തുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്നാണ് വിലയിരുത്തൽ നടക്കുക.
👉🗞️ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ CPIM നേതാവിന് ഒരു മാസത്തിനുള്ളിൽ പരോൾ
പയ്യന്നൂരിലെ സിപിഐഎം നേതാവിന് പരോൾ. പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വികെ നിഷാദിന് ആണ് പരോൾ അനുവദിച്ചത്. കഴിഞ്ഞ മാസമാണ് ഇയാളെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. നിഷാദിൻ്റെ അച്ഛന് അസുഖം ആയതിനാൽ പരോൾ അനുവദിച്ചുവെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ആറ് ദിവസത്തേക്കാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.
ജയിലിൽ കഴിയുന്ന സമയത്താണ് പയ്യന്നൂർ നഗരസഭയിലേക്ക് കൗൺസിലറായി മത്സരിക്കുന്നതും വിജയിക്കുന്നതും. എന്നാൽ ഇതിനിടയിലാണ് നിഷാദിനെ കോടതി 20 വർഷത്തേയ്ക്ക് ശിക്ഷിച്ചത്.
👉🗞️ ‘മുഖ്യമന്ത്രിയുടെ കാറും ഉടനെത്തും’; ചിത്രം പങ്കുവച്ച് കെ സുരേന്ദ്രന്‍
മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാഹനം ബിജെപി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ചത്രം പങ്ക് വച്ച് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കാറും ഓഫീസിന് മുന്നില്‍ എത്തുന്നത് വിദൂരമല്ലെന്നും സുരേന്ദ്രന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തിലെ ആദ്യത്തെ ബിജെപി മേയറും ഡെപ്യൂട്ടി മേയറും ഇന്ന് സംസ്ഥാന ഓഫീസിന് മുന്നില്‍ അവരുടെ കാറുകള്‍ അഭിമാനത്തോടെ പാര്‍ക്ക് ചെയ്തു. വളരെ പെട്ടെന്ന് തന്നെ കേരള മുഖ്യമന്ത്രിയുടെ കാറും ഇവിടെ പാര്‍ക്ക് ചെയ്യും. അത് ഉറപ്പാണ് – സുരേന്ദ്രന്‍ കുറിച്ചു.














