വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച (മാർച്ച് 14, 2023) രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്തു നടന്ന ദിവ്യകാരുണ്യ ആരാധനയില്‍ നൂറുകണക്കിന് വിശ്വാസികൾ രാത്രി ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയിൽ രാത്രി 8 മുതൽ 9 വരെ ദിവ്യകാരുണ്യ ആരാധന നടത്തുവാൻ അടുത്തിടെയാണ് വത്തിക്കാൻ തീരുമാനമെടുത്തത്. ഇതിൻ പ്രകാരമുള്ള ആദ്യ പ്രതിമാസ ആരാധനയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഗാനങ്ങളും, തിരുവചന വായനയും, നിശ്ശബ്ദമായ പ്രാർത്ഥനയും അടക്കമുള്ള പ്രാർത്ഥനയുടെ ഒരു മണിക്കൂറില്‍ അനേകര്‍ തങ്ങളുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി നേതൃത്വം നൽകി. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി പത്രോസിന്റെ സിംഹാസനത്തിലെ അജപാലനശുശ്രൂഷയുടെ പത്തു വർഷങ്ങൾ പൂർത്തിയാക്കിയ ഫ്രാൻസിസ് പാപ്പയുടെ നിയോഗങ്ങൾ പ്രത്യേകമായി ഓർത്തും ദൈവതിരുമുന്‍പില്‍ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി പറയുവാനും, ദൈവാനുഗ്രഹം തേടുവാനും പ്രത്യേകമായി പ്രാർത്ഥനകൾ നടത്തി.
ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പായുടെ ഇരിപ്പിടം തയ്യാറാക്കാറുള്ള ഇടത്താണ് വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെച്ചത്. ഇതിലേക്കുള്ള സ്റ്റെപ്പുകളുടെ ഇരുവശത്തും മെഴുകുതിരികള്‍ നിരയായി കത്തിച്ചിരിന്നു. വത്തിക്കാൻ ചത്വരത്തിൽ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ നിശബ്ദമായി ആരാധനയില്‍ പങ്കുചേര്‍ന്നു. വരും മാസങ്ങളില്‍ ധാരാളം വിശ്വാസികള്‍ മാസത്തിലെ രണ്ടാം ചൊവ്വാഴ്ച നടക്കുന്ന ദിവ്യകാരുണ്യ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസത്തെ ദിവ്യകാരുണ്യ ആരാധന ഏപ്രില്‍ 11-നാണ് നടക്കുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision