ഇൻഫോബെ എന്ന അർജന്റീനിയൻ ഓൺലൈൻ മാധ്യമത്തിന് ഫ്രാൻസിസ് പാപ്പാ അനുവദിച്ച സംഭാഷണത്തിൽ, ബ്യൂണസ് ഐറസിലെ തന്റെ മുൻകാല വക്താവായിരുന്ന ഗില്ലെർമോ മാർകോ എന്ന വൈദികനുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ചു. തന്റെ വൈദികജീവിതത്തിലും,തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പായെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. ദൈവവിളി സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന ചിന്ത തന്നെ സംബന്ധിച്ചിടത്തോളം ശരിയല്ലയെന്നും, ദൈവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും പാപ്പാ അടിവരയിടുന്നു.
സേവനമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. അതിൽ അസൂയയുടെയോ, സ്വാർത്ഥതയുടെയോ ചിന്തകൾക്ക് സ്ഥാനമില്ല. നമ്മുടെ പരിമിതികളും, തെറ്റുകളും പാപങ്ങളുമെല്ലാം നമ്മുടെ കൂടെ ഉണ്ടെങ്കിലും പുരോഹിതനെന്ന നിലയിൽ ദൈവം നമ്മെ ഏറ്റെടുക്കുന്നു. പൗരോഹിത്യത്തെപ്പറ്റി ചോദിച്ചപ്പോൾ പാപ്പാ ഇപ്രകാരമാണ് മറുപടി പറഞ്ഞത്. അതിനാൽ പുരോഹിതൻ ജനങ്ങളുടെ ഇടയനാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തുടർന്ന് മറ്റ് കർദിനാൾമാരുമായുള്ള ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ, അവരുടെ തുറവിയാർന്ന സംഭാഷണങ്ങൾ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും, അതിന് അവരോട് നന്ദി പറയുന്നുവെന്നും പാപ്പാ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തോടും, വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള തന്റെ പ്രത്യേക ഭക്തിയും പാപ്പാ എടുത്തു പറഞ്ഞു.കെട്ടുകൾ അഴിക്കുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും, തന്റെ ഈ അനുഭവം മറ്റുള്ളവർക്കും പകർന്നു നൽകുവാൻ സാധിച്ചിട്ടുണ്ടെന്നും പാപ്പാ അഭിമാനപുരസ്സരം പങ്കുവച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision