2025 ഡിസംബർ 17 ബുധൻ 1199 ധനു 02
വാർത്തകൾ
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദത്തെ എതിര്‍ചേരി എങ്ങനെ ഉപയോഗിച്ചുവെന്ന് പരിശോധിക്കണമെന്ന് സിപിഐ.
മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുപോയോ എന്ന് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജനകീയ പദ്ധതികള്‍ നടപ്പാക്കിയിട്ടും വിജയിക്കാതെ പോയതിനെക്കുറിച്ച് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
🗞️👉 ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍
ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍. 25.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടറെ സ്വന്തമാക്കിയത്. 14.2 കോടി വീതം നല്‍കി യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയേയും ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയതാണ് ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകള്‍.
🗞️👉 ശബരിമല സ്വര്‍ണക്കൊള്ള: മൂന്‍കൂര്‍ ജാമ്യം തേടി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്‍കൂര്‍ ജാമ്യം തേടി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി ആവശ്യം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി. ശബരിമലയില്‍ നിന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘത്തിന് 500 കോടിയുടെ സ്വത്ത് വകകള്‍ കടത്തി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം ആരോപണം. കൊള്ളയുടെ സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന വ്യവസായിയുടെ വിവരങ്ങളും രമേശ് ചെന്നിത്തല എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു.
🗞️👉 ‘തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സിപിഐഎം – മുസ്ലിം ലീഗ് കൂട്ടുക്കെട്ട് ‘; ആരോപണവുമായി ബിജെപി
തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സിപിഐഎം – മുസ്ലിം ലീഗ് കൂട്ടുക്കെട്ടെന്ന ആരോപണവുമായി ബിജെപി. മഞ്ചേശ്വരം, വോര്‍ക്കാടി, കുമ്പള പഞ്ചായത്തുകളില്‍ സിപിഐഎം – മുസ്ലിം ലീഗിന് വോട്ട് മറിച്ചെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ട്വന്റിഫോറിനോട് പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സിപിഐഎം – മുസ്ലീം ലീഗ് ധാരണയുണ്ടായിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎമ്മും ലീഗും ഒറ്റക്കെട്ടായി നിന്നു – അശ്വിനി പറഞ്ഞു.
🗞️👉 കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ആശീര്‍വാദ കര്‍മവും ഉദ്ഘാടനവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു
കടുത്തുരുത്തി: ചരിത്രപരമായും സഭാപരമായും ഏറേ പാരമ്പര്യവും പ്രാധാന്യവുമുള്ള കടുത്തുരുത്തിയെ ഒന്നിപ്പിക്കാന്‍ സഹായിക്കുന്നതാണ് മരിയന്‍ കണ്‍വെന്‍ഷന്‍ സെന്ററെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ആശീര്‍വാദ കര്‍മവും ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൂടിചേരലുകള്‍ക്ക് വേദിയാവുന്നതോടെ നാടിന്റെ ഐക്യവും പൈതൃകവും കൂടുതല്‍ കെട്ടുറുപ്പുള്ളതാവുമെന്നും ബിഷപ്പ് കൂട്ടി ചേര്‍ത്തു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാഫലകം അനാഛാദനം ചെയ്ത മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററിന്റെ വെഞ്ചരിപ്പും നിര്‍വഹിച്ചു.
🗞️👉 പാലാ അൽഫോൻസാ കോളേജ് ആർട്സ് ക്ലബ് ഉദ്ഘാടനം: ഗൗതം വിൻസന്റും സോണി മോഹനും മുഖ്യാതിഥികൾ
പാലാ അൽഫോൻസാ കോളേജിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ സിനിമ പ്രൊഡ്യൂസറും ലൈവ് പെർഫോമറും സംഗീതജ്ഞനുമായ മിസ്റ്റർ ഗൗതം വിൻസന്റും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പ്രശസ്ത പിന്നണി ഗായികയുമായ സോണി മോഹനും ചേർന്ന് നിർവഹിക്കുന്നു. ആർട്സ് ക്ലബ് സെക്രട്ടറി കുമാരി നന്ദനെ ആർ നമ്പൂതിരി, പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിസ്റ്റർ മിനിമോൾ മാത്യു, ഡോ. മഞ്ചു എലിസബത്ത് കുരുവിള, ഫാ.ഡോ.ജോബിൻ സെബാസ്റ്റ്യൻ, ചെയർ പേഴ്സൺ റിയ ജെയ്സൺ, മിസ് സുനിത ശാന്തൻ, മിസ് ഷീന സെബാസ്റ്റ്യൻ എന്നിവർ സമീപം.
🗞️👉 ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍വിതരണം ചെയ്തു
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും കോഴിത്തീറ്റയും മരുന്നുകളുമാണ് ലഭ്യമാക്കിയത്.














