പാലാ: പാലാ ജൂബിലി പെരുന്നാളിന് കൊടിയേറി തുടര്‍ന്ന് ആദ്യ ആഘോഷമായ നാടകമേളയ്ക്ക് തുടക്കം കുറിച്ചു. അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന അഖില കേരളാ പ്രൊഫഷണല്‍ നാടകമേള ലോക എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ഡോമിനിക് അരുണ്‍ ഉദ്ഘാടനം ചെയ്തു.
തന്റെ ജന്മപ്രദേശമായ പാലായിലെ സ്വീകരണത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു. പ്രസിഡന്റ് പി.ജെ. ഡിക്‌സണ്‍ പെരുമണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോസ് കാക്കല്ലില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഷിനില്‍ കുര്യന്‍, സജി പുളിക്കല്‍, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, ക്ലീറ്റസ് ഇഞ്ചിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കൊല്ലം എസ്.എഫ് നടനസഭയുടെ വിക്ടറി ആര്‍ട്‌സ് ക്ലബ് എന്ന നാടകം അരങ്ങേറി. അഞ്ചാം തീയതി വരെയാണ് നാടകമത്സരം നടക്കുന്നത്.
ടൗണ്‍ ഹാള്‍ തിങ്ങി നിറഞ്ഞെത്തുന്ന നാടകപ്രേമികള്‍ക്ക് സൗകര്യപ്രദമായി നാടകം ആസ്വദിക്കുന്നതിനുള്ള സാഹചര്യം സി.വൈ.എം.എല്‍. ഒരുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് എട്ടാം തീയതി ജൂബിലി പന്തലില്‍ വെച്ച് സമ്മാനവിതരണം നടക്കും.















