രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും ശക്തിപ്രാപിക്കുന്നത്.
കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ചര്‍ച്ചയാവുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ ശ്രമിച്ച സിപിഐഎം നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള.
ആദ്യഘട്ടത്തില്‍ വിവാദ ഇടനിലക്കാരന് ഉണ്ണികൃഷ്ണന് പോറ്റിയും ചില ദേവസ്വം ഉദ്യോഗസ്ഥരും മാത്രമായിരുന്നു കേസില്‍ അകപ്പെട്ട് അറസ്റ്റിലായത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ രണ്ട് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്മാര് അറസ്റ്റിലായതോടെ സിപിഐഎമ്മും, സര്‍ക്കാരും കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ടു പോയതോടെ മുന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന് പോലും സംശയ നിഴലിലായി.














