മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു.
പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തിലെ രണ്ടര വർഷമെന്ന ടേം വ്യവസ്ഥ സിദ്ധരാമയ്യ തള്ളിയതോടെയാണ് കർണാടക കോൺഗ്രസിലെ പ്രതിസന്ധി.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകണമെന്നായിരുന്നു വ്യവസ്ഥയെന്നുമാണ് ഡി.കെ ശിവകുമാർ പക്ഷത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം ഡി കെ ശിവകുമാർ പക്ഷത്തിലെ 10 എംഎൽഎമാർ ഡൽഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു.














