2022 ല്‍ ഖത്തറില്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ മികവ് ചൂണ്ടിക്കാട്ടി ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ വീണ്ടും. ഖത്തര്‍ 2022 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഫിഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്റെ ഇഷ്ടപ്രകാരമായിരുന്നെങ്കില്‍, അടുത്ത പത്ത് ലോകകപ്പുകള്‍ ഖത്തറില്‍ സംഘടിപ്പിക്കുമായിരുന്നു. നമുക്കെല്ലാവര്‍ക്കും ഇവിടെ ലഭിച്ച അത്ഭുതകരമായ അനുഭവം ഞാന്‍ മറന്നിട്ടില്ല. 2021-ല്‍ ഫിഫയുടെ ആഭിമുഖ്യത്തില്‍ നടന്ന അറബ് കപ്പിന്റെ ആദ്യ പതിപ്പും മികച്ച വിജയമായിരുന്നു.
ഫിഫക്കും അറബ് ലോകത്തിനും അറബ് കപ്പ് അതിശയകരവും വളരെ പ്രധാനപ്പെട്ടതുമായ ഒരു ടൂര്‍ണമെന്റാണ്. ഞങ്ങള്‍ ഫൈനലിനായി കാത്തിരിക്കുകയാണ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ചതും വലുതുമായ ടൂര്‍ണമെന്റായിരിക്കും ഇത്.’പരാമാവധി മത്സരങ്ങള്‍ കാണാന്‍ താന്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.














