നൈജീരിയയിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ വീണ്ടും ആക്രമണം. സായുധധാരികളുടെ സംഘം കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് 215-ൽ അധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി.
നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോർഡിംഗ് സ്‌കൂളിലാണ് വെള്ളിയാഴ്ച പുലർച്ചെ ഏകദേശം രണ്ടു മണിയോടെ ആക്രമണം നടന്നത്. തോക്കുധാരികൾ സ്‌കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 215 വിദ്യാർത്ഥികളെയും 12 ജീവനക്കാരെയും അക്രമികൾ പിടികൂടിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാനസംഭവമാണിത്.
ഇതിനുമുമ്പ് തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് മറ്റൊരു ബോർഡിംഗ് സ്‌കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു.
ചൊവ്വാഴ്ച, സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിലെ പള്ളി ആക്രമിച്ച അക്രമികൾ രണ്ട് വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്‌തിരുന്നു.
രാജ്യത്തെ ക്രൈസ്‌തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക നടപടി വേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങൾ അരങ്ങേറിയതെന്നതും ഈ സംഭവങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.














