മുട്ടുചിറ: ഈശോ മിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി മുട്ടുചിറ റൂഹാ ദ്കുദിശാ പള്ളിയിൽ നസ്രാണി സമുദായ സമ്മേളനം നടന്നു. വിവിധ സഭകളുടെ സംയുക്ത പങ്കാളിത്തം സമ്മേളനത്തിന് ശ്രദ്ധേയമായി.
മാർത്തോമ്മാ ശ്ലീഹായുടെ വരവിലൂടെ ആരംഭിച്ച് പതിനെട്ട് നൂറ്റാണ്ടുകൾ നസ്രാണി സമുദായം കാത്തുസൂക്ഷിച്ച “മാർത്തോമ്മാ മാർഗ്ഗം” വീണ്ടെടുക്കുന്നതിലൂടെ സമുദായ ഐക്യവും ശക്തീകരണവും സാധ്യമാക്കണമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സഭാ പിതാക്കന്മാർ ആഹ്വാനം ചെയ്‌തു.
വൈകുന്നേരം 4:30-ന് ആരംഭിച്ച സമ്മേളനം, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്‌തു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. സീറോ-മലബാർ സുറിയാനി സഭ, മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മാർത്തോമ്മാ സുറിയാനി സഭ ഉൾപ്പെടെയുള്ള വിവിധ നസ്രാണി സഭകളിൽ നിന്നുള്ള അഭിവന്ദ്യ മെത്രാന്മാർ യോഗത്തിൽ പങ്കെടുത്തു.
വൈകുന്നേരം 4:30-ന് പഴയപള്ളിയിൽ കബറടക്കിയിരിക്കുന്ന അർക്കദിയാക്കോന്റെ കബർ സന്ദർശനത്തിനുശേഷം സുറിയാനി നമസ്‌കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൽക്കുരിശിങ്കൽ മട്ടാഞ്ചേരിയിൽ നടന്ന ശ്ലീവാ സത്യത്തിന്റെ ഓർമ്മ പുതുക്കുകയും അഭിവന്ദ്യപിതാക്കന്മാർക്ക് സ്വീകരണം നൽകുകയും ചെയ്‌തു.
വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സംസാരിച്ചു. മുട്ടുചിറ ഫോറോന പള്ളി വികാരി വെരി. റവ. ഫാ. അബ്രഹാം കൊല്ലിത്താനത്ത് മലയിൽ സ്വാഗതം ആശംസിച്ചു. പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ ആശംസകൾ അർപ്പിച്ചു.
നസ്രാണി സമുദായത്തിന്റെ ഐക്യത്തിനുവേണ്ടി മുൻപ് നടന്ന ശ്രമങ്ങളെ സമ്മേളനം അനുസ്മരിച്ചു. AD 1770 കളിൽ മാർ തോമാ 6-ാമൻ, കരിയാറ്റി മാർ യൗസേപ്പ്, പാറേമാക്കൽ മാർ തോമാ കത്തനാർ എന്നിവരും 1890-ൽ പുലിക്കോട്ടിൽ രണ്ടാമൻ ദിവന്യാസിയോസ് അഞ്ചാമൻ മെത്രാപ്പോലിത്തയും നിധീരിയിക്കൽ മാണിക്കത്തനാരും ചേർന്ന നസ്രാണി ജാതൈക്യസംഘവും നടത്തിയ പരിശ്രമങ്ങൾ സഭാപിതാക്കന്മാർ ഓർമ്മിപ്പിച്ചു.














