കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബിഎൽഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകൾ വിതരണം ചെയ്തതായും രത്തൻ ഖേൽക്കർ അറിയിച്ചു.
ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കും. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ മാസം 26നകം എന്യൂമറേഷൻ ഫോം ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്.
26 ന് മുമ്പായി ഫോം സ്വീകരിച്ച് ഡിജിറ്റലൈസേഷന്‍ പൂർത്തിയാക്കണം. ഫോം വിതരണം ചെയ്ത് പൂരിപ്പിച്ച് വാങ്ങി എന്‍ട്രി ചെയ്യുന്നതിന് ഡിസംബർ 4 വരെ സമയമുണ്ടായിരിക്കെയാണ് പുതുക്കിയ നിർദേശം. എന്നാൽ സമയക്രമത്തിന്റെ പേരിൽ ബിഎൽഒമാർക്ക് ഒരു ആശങ്കയും വേണ്ടന്നാണ് ജില്ലാ കലക്ടർ വിആർ വിനോദ് വിശദീകരിക്കുന്നത്.














