കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പർ ശ്രേണി ഓർത്തെടുത്തു പറഞ്ഞാണ് അജി റെക്കോർഡ് നേട്ടം കൈവരിച്ചത്. നാല് നിമിഷം കൊണ്ട് സ്‌ക്രീനിൽ ഉണ്ടായിരുന്ന 48 നമ്പറുകൾ ആണ് അജി ഓർത്തു പറഞ്ഞത്.
ഒരു മനുഷ്യന് അസാധ്യം എന്ന് കരുതിയിരുന്ന കാര്യമാണ് ഇതിലൂടെ അജി ലോകത്തിനു മുന്നിൽ കാണിച്ചു തന്നത്. വിദേശത്തുള്ള കുട്ടികളുമായി സംവദിക്കുവാനും തന്റെ കഴിവുകളെ അവർക്ക് പകർന്നു നൽകുവാനുമായി പുറപ്പെട്ട ഒരു വിമാനയാത്രക്കിടയിൽ ആണ് തനിക്കു ഗിന്നസ് റെക്കോർഡ് ലഭിച്ച ഔദ്യോഗിക വിവരം അജി അറിഞ്ഞത്.
ക്യാപ്റ്റനും, ക്യാബിൻ ക്രൂ അംഗങ്ങളും സഹ യാത്രികരും ചേർന്ന് ആകാശത്തു വെച്ചാണ് ആദ്യ ആദരവ് നൽകിയത്.ഷാർജയിൽ നടന്ന പുസ്തകോത്സവത്തിൽ വെച്ച് അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ് അജി ഏറ്റു വാങ്ങിയിരുന്നു. ഇരട്ടി മധുരം ആയാണ് അതിനൊപ്പം ഗിന്നസ് ലോക റെക്കോർഡും അജിയിലേക്ക് എത്തിച്ചേർന്നത്.














