വനിതാ ദിനത്തിൽ വിളർച്ച പരിശോധനാ ക്യാമ്പും രക്തദാനക്യാമ്പുമായി ആരോഗ്യ വകുപ്പ് വനിതകളുടെ ആരോഗ്യം സമൂഹത്തിന്റെ അടിസ്ഥാനം- മാണി സി കാപ്പൻ എം എൽ എ
പാലാ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, പാലാ ബ്ളഡ് ഫോറം, പാലാ അൽഫോൻസാ കോളേജിലെ എൻ.എസ്.എസ്, വനിതാ സെൽ എന്നിവയുടെ സഹകരണത്തോടെ വനിതാദിനം പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
പൊതുസമ്മേളനത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിന്റെ വിവ കേരളം പരിപാടിയുടെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച വിളർച്ചാ പരിശോധന ക്യാമ്പിൽ 500 ലധികം പെൺകുട്ടികളുടെ ഹീമോഗ്ലോബിൻ നിലവാരം പരിശോധിച്ചു. വളർച്ചാ പരിശോധനാ ക്യാമ്പ് സിനിമാ താരം അഞ്ചു കൃഷ്ണ അശോക് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾ പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കണമെന്നും പോഷക സമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണമെന്നും അഞ്ചു കൃഷ്ണ പറഞ്ഞു. 15 വയസിനും 59 വയസിനും ഇടയിലുള്ള എല്ലാ വനിതകളും ഹീമോഗ്ലോബിൻ പരിശോധിച്ച് 12 ഗ്രാമിൽ കൂടുതൽ ഉണ്ടെന്നു ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കോളേജ് എൻ എസ് എസ് ലെ 25 പെൺകുട്ടികൾ രക്തം ദാനം ചെയ്തു. പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ .സി ജെ സിതാര ക്ലാസ്സ് നയിച്ചു. കോളേജ് പ്രിൻസിപ്പൽ റവ.ഡോ.റജീനാമ്മ ജോസഫ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ഷാജി ജോൺ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ മറ്റേർണിറ്റി ചൈൽഡ് ഹെൽത്ത് ഓഫീസർ കെ എസ് വിജയമ്മാൾ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.സിമി മോൾ സെബാസ്റ്റ്യൻ , വനിതാ സെൽ കോഓർഡിനേറ്റർ സ്മിതാ ക്ലാരി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വിളർച്ചാ പരിശോധനാ ക്യാമ്പിന് ഉള്ളനാട്, രാമപുരം ആരോഗ്യ കേന്ദ്രങ്ങളിലെ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ നേതൃത്വം നൽകി.രക്തദാന ക്യാമ്പിന് ലയൺസ് എസ് എച്ച് മെഡിക്കൽ സെന്റർ രക്ത ബാങ്കും പാലാ ബ്ലഡ് ഫോറവും നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision