2025 നവംബർ 07 വെള്ളി 1199 തുലാം 21
വാർത്തകൾ
🗞️👉 സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും അറിഞ്ഞുകൊണ്ട് കരാറിൽ ഏർപ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ശിഖർ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്‌നയുടെ 6 .64 കോടി രൂപയുടെ സ്വത്തു വകകളുമാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി.
🗞️👉 കോർവേ നറുക്കെടുപ്പ്, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫയർ
അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഭാഗ്യ മത്സര നറുക്കെടുപ്പിൽ
വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏറ്റുമാനൂർ പ്രസ് ക്ലബ്ബ്
ഹാളിൽ നടന്ന സമ്മേളനത്തിൽ
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സമ്മാനവിതരണം നടത്തി. ജില്ലാ പ്രസിഡൻറ് ഒ.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാര്‍,വൈസ് പ്രസിഡൻ്റ് കെ.സി. ഉണ്ണികൃഷ്ണൻ,ട്രഷറർ സജിത്ത് ബാബു,ഓർഗനൈസിംഗ് സെക്രട്ടറി ബിജോ കൃഷ്ണൻ , സെക്രട്ടറിമാരായ കെ .ആർ . ഉണ്ണി ക്യഷ്ണൻ,സുജ എസ്.
നായർ,അനിൽ പായിക്കാട് എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൻ്റ
ഗതാഗതക്കുരുക്കും ,അപകടസാധ്യതയും ഒഴിവാക്കുന്നതിനായി കോർവ ഓർഗനൈസിംഗ് സെക്രട്ടറിയും എൻജിനീയറുമായ ബിജോ കൃഷ്ണൻ തയ്യാറാക്കിയ പ്രത്യേക പ്ലാൻ നഗരസഭ ചെയർപേഴ്സന് ഭാരവാഹികൾ കൈമാറി.
🗞️👉 മ്യാൻമാറിനായി പ്രാർത്ഥനയോടെ പാപ്പാ
നവംബർ 5 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതുസന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള സംഘർഷഭരിത മേഖലകൾക്കായി പ്രാർത്ഥിക്കാൻ ലെയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച്, അയൽരാജ്യമായ മ്യാൻമാറിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പാപ്പാ എടുത്തുപറയുകയും, അവർക്കായി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. മ്യാൻമാറിനായി സഹായം: മ്യാൻമാറിലെ ജനങ്ങളെ അന്താരാഷ്ട്ര സമൂഹം വിസ്മരിക്കരുത്. അവർക്ക് ആവശ്യമായ മാനവിക സഹായങ്ങൾ എത്തിച്ചു നൽകാൻ എല്ലാവരും തയ്യാറാകണം. സായുധ സംഘർഷങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരാനും പാപ്പാ അഭ്യർത്ഥിച്ചു. വിശുദ്ധിയിലേക്കുള്ള വിളി: നവംബർ ഒന്നിന് ആഘോഷിച്ച സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, വിശുദ്ധിയിലേക്ക് എല്ലാവർക്കുമുള്ള വിളിയെ കുറിച്ച് ഓർമ്മിപ്പിച്ചു.
🗞️👉 ‘ശബരിമലയിലെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പാകപ്പിഴ സംഭവിച്ചു’; മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ
ശബരിമലയിലെ ക്ഷേത്രം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴ ചൂണ്ടിക്കാണിച്ച് തിരുവാഭരണം കമ്മീഷണർ ശബരിമലയിൽ ദേവസ്വം മാന്വല്‍ പാലിക്കുന്നില്ലെന്നും ഉരുപ്പടികളുടെ രജിസ്ട്രറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നും ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് അയച്ച കത്തിലാണ് പരാമർശം ഉണ്ടായിരുന്നത്. കത്തില്‍ ദേവസ്വം ബോർഡ് തുടർനടപടികള്‍ എടുത്തില്ലെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ പറഞ്ഞു.
🗞️👉 പെരുവ ഗവ: ഗേൾസ് ഹൈസ്‌കൂളിൽ മലയാളം അധ്യാപക ഒഴിവ്
പെരുവ: ഗവ: ഗേൾസ് ഹൈസ്കൂൾ പെരുവയിൽ മലയാള അധ്യാപകൻ്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10 ന് 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.
🗞️👉 കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി; വീടിന് നേരെ ആക്രമണം
തൃശൂർ കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന വീടിന് നേരെ ആക്രമണം നടത്തി. ആനയെ കണ്ട് പട്ടി കുരച്ചതോടെ പ്രകോപിതനായ ആന വീടിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. വനംമന്ത്രി അടക്കം സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ വലിയ ആശങ്കയിലാണ് സമീപവാസികൾ.
🗞️👉 പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് , 25 വയസ്സുവരെ ലൈസൻസ് നൽകില്ലെന്ന് MVD
കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ അപകടകരമാംവിധം കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി പതിനാറുകാരൻ. വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉപജില്ലാ സ്കൂൾ കലോത്സവം ആയതിനാൽ ഇന്നലെ സ്കോൾ അവധിയായിരുന്നു ഈ സമയത്താണ് പതിനാറുകാരന്റെ അഭ്യാസപ്രകടനം ഗ്രൗണ്ടിൽ നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചയാളെ തിരിച്ചറിഞ്ഞത്.














