ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി അപ്പുകളാണ് നമ്മൾ ഇപ്പോൾ പേരുകൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്.
എന്നാൽ പുതിയ സേവനം നിലവിൽ വരുന്നതോടെ അപരിചതമായ നമ്പറുകൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാനാകും. സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാനും ഇത് ഏറെ ഗുണം ചെയ്യും. ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.














