പ്രഭാത വാർത്തകൾ

Date:

2023 | മാർച്ച് 3 | വെള്ളി | 1198 | കുംഭം 19 |

◾വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം. ത്രിപുരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും വീണ്ടും അധികാരത്തിലേക്ക്. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയുടെ പിന്തുണയോടെ ഭരിക്കും. ത്രിപുരയില്‍ ത്രികോണ മല്‍സരം സൃഷ്ടിച്ച പുതിയ പാര്‍ട്ടിയായ ത്രിപ്രമോദ 13 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കക്ഷിനില. (കഴിഞ്ഞ തവണത്തെ നില ബ്രാക്കറ്റില്‍):
ത്രിപുര- ബിജെപി- 33 (44), സിപിഎം- കോണ്‍- 14 (16), തിപ്രമോദ- 13 (0)
മേഘാലയ- എന്‍പിപി- 26 (20), യുഡിപി 11 (6), കോണ്‍ഗ്രസ് – 5 (21), തൃണമൂല്‍- 5 (0), ബിജെപി – 2 (0), മറ്റുള്ളവര്‍ – 10 (0).
നാഗാലാന്‍ഡ്- ബിജെപി, എന്‍ഡിപിപി – 37 (30), എന്‍പിഎഫ് – 2 (26), കോണ്‍ഗ്രസ് -0 (0), മറ്റുള്ളവര്‍ 21 (4)

◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എന്‍ഫോഴ്സ്മെന്റും പരിശോധനയ്ക്കായി എത്തും. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്.

◾വിനോദയാത്രയ്ക്ക് എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍നിന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.

◾ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കാന്‍ നീക്കം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അംഗീകരിച്ചേക്കും. ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വര്‍ധിപ്പിക്കും. ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

◾സംസ്ഥാനത്തു കൂടുതല്‍ വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്റ് ഡിവിഷന്‍ വിജിലന്‍സിനു മാത്രമായി അനുവദിക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണു നടപടി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നു മാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

◾വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പു കേസില്‍ വിദേശനാണ്യ നിയമം ലംഘിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടുമെന്നും അനില്‍ അക്കര പറഞ്ഞു.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾ത്രിപുരയില്‍ കോമാ സഖ്യം കോമയിലായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസും സിപിഎമ്മും കോമാ സഖ്യമുണ്ടാക്കിയെങ്കിലും തിരിച്ചടിയാണ് ഫലമെന്നും അദ്ദേഹം പരിഹസിച്ചു.

◾കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേയ്സിന്. പുതിയ ടെണ്ടര്‍ വിളിക്കില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച ടെണ്ടറനുസരിച്ച് ചിപ്സണ്‍ എയര്‍വേഴ്സിന് കരാര്‍ നല്‍കും. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍. 20 മണിക്കൂറിന് 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. ആറു സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.

◾വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വാലി പറമ്പില്‍ ശബരി എന്ന പതിനെട്ടുകാരനും രാജേഷുമാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

◾ഗാര്‍ഹിക പീഡന കേസില്‍ ഡോക്ടര്‍ ഭാര്യക്കും മകള്‍ക്കും വന്‍ തുക പ്രതിമാസം നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി. തിരുവനന്തപുരം സ്വദേശിയും മുപ്പതുകാരിയുമായ ഷിഫാന ഉബൈസിന് മാസം അമ്പതിനായിരം രൂപയും മകള്‍ക്ക് എണ്‍പതിനായിരം രൂപയും തൃശൂര്‍ സ്വദേശിയായ ഡോ മുഫീദ് ജീവനാംശം നല്‍കണമെന്ന് ആറ്റിങ്ങല്‍ കോടതിയാണ് ഉത്തരവിട്ടത്. ഒന്നര കോടി രൂപയും ബെന്‍സ് കാറും 270 പവനും വിവാഹ സമ്മാനമായി നല്‍കിയിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

◾ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍6 ജാമ്യം നല്‍കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരോട് പണം ആവശ്യപ്പെട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നടപടി. പണം തന്നില്ലെങ്കില്‍ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നാണു റിപ്പോര്‍ട്ട്.

◾ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഏഴാം തീയതി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

◾കേരളത്തിലെ ജനങ്ങളില്‍ താങ്ങാനാവാത്ത നികുതിഭാരം അടിച്ചേല്‍പിച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയില്‍ കള്ളം പറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നു സ്വപ്ന വ്യക്തമാക്കിയതോടെ പിണറായി വിജയന്‍ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലായെന്നും സുധാകരന്‍ വിമര്‍ശിച്ചു.

◾ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യ പുതിയപുരയില്‍ സഫിയ (74) ബദ്‌റില്‍ നിര്യാതയായി. ബദ്ര് വഴി യാത്ര ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

◾കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ ആശ്രമം ജംഗ്ഷനു സമീപം മേത്തേര്പറമ്പ് വീട്ടില്‍ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്. 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.

◾കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം കഠിന പ്രയത്നത്തിന്റെ ഫലമാണ്. വോട്ടു ചെയ്ത ജനങ്ങള്‍ക്കു നന്ദിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

◾ത്രിപുരയില്‍ ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കിയത് ത്രികോണപ്പോര്. ഗോത്രവര്‍ഗ്ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിനാണ്.

◾നാഗാലാന്‍ഡില്‍ ചരിത്രം കുറിച്ച് രണ്ട് വനിതകള്‍ നിയമസഭയിലെത്തി. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹെകാനി ജഖാലു, സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് നിയമസഭയില്‍ എത്തിയ വനിതകള്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്.

◾മേഘാലയയില്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകും. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയില്‍ എന്‍പിപി- ബിജെപി സര്‍ക്കാരാണു രൂപീകരിക്കുക. 26 സീറ്റ് നേടിയ എന്‍പിപി കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോര്‍ക്കുന്നത്.

◾അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

◾ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനസജ്ജമായി. ഓപ്ഷന്‍ നല്‍കുന്നതിന് മെയ് മൂന്നുവരെ സമയം അനുവദിച്ചു.

◾സുപ്രീം കോടതിക്കു ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ നിര്‍മിക്കാന്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ട സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് മിണ്ടാതെ ഇറങ്ങിപ്പോകണമെന്നു ശാസിച്ച് ചീഫ് ജസ്റ്റീസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിനോടു ഭീഷണി സ്വരം വേണ്ടെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് താക്കീതു നല്‍കി.

◾ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ തെളിവില്ലെന്നു കണ്ട് മൂന്നു പ്രതികളെ വെറുതെ വിട്ടു. ഒരു പ്രതി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. യുപി പോലീസ് പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ച് തെളിവു നശിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്ന കേസാണിത്.

◾ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നതോടെ അദാനിയുടെ ആസ്തി 39.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനിയുടെ സ്ഥാനം നാലുപേരെ മറികടന്ന് 30-ാം സ്ഥാനത്തെത്തി. 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി.

◾ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതമുണ്ടായെന്നു വെളിപ്പെടുത്തി നടി സുസ്മിത സെന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 47 കാരിയായ നടി ആരോഗ്യ വിവരം വെളിപെടുത്തിയത്. മുന്‍ മിസ് യൂണിവേഴ്‌സ് കൂടിയായ സുസ്മിത പിതാവ് സുബിര്‍ സെന്നിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പങ്കുവച്ചത്.

◾അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ജി 20 യോഗത്തിനിടെയാണ് ചര്‍ച്ച നടത്തിയത്. യുക്രൈനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈന്‍ ആക്രമണത്തെ അപലപിച്ചെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

◾പ്രവചനാതീതമായ ഇന്‍ഡോര്‍ പിച്ചില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 76 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസ് 197 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ 150 റണ്‍സിന് മുകളിലെത്തിച്ചത്. എട്ട് വിക്കറ്റെടുത്ത സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

◾ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി അര്‍ജന്റീന സൂപ്പര്‍താരം ലിയോണല്‍ മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് ഏകദേശം 1.73 കോടി രൂപ വില വരും. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്.

◾ജനുവരി മാസത്തില്‍ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ്. ഇന്ത്യയില്‍ ഏകദേശം 50 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിന് ഉള്ളത്. ജനുവരിയില്‍ 1,491 പരാതികളാണ് ഉപഭോക്താക്കളില്‍ നിന്നും വാട്സ്ആപ്പിന് ലഭിച്ചിട്ടുള്ളത്. ഇവയില്‍ 191 പരാതികള്‍ക്ക് വാട്സ്ആപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 2022 നവംബറിലും ഡിസംബറിലുമായി ഏകദേശം 37 ലക്ഷം അക്കൗണ്ടുകള്‍ക്കാണ് വാട്സ്ആപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരിയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം കുറവാണ്. ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ലഭിച്ച പരാതികള്‍ക്ക് പുറമേ, വാട്സ്ആപ്പിലെ ‘റിപ്പോര്‍ട്ട്’ ഫീച്ചറിലൂടെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്ബാക്കിനുള്ള പ്രതികരണമായും വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. വാട്സ്ആപ്പിന് ഇന്ത്യയില്‍ പ്രത്യേക പരാതി സെല്‍ ഉണ്ട്. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ അല്ലെങ്കില്‍, സ്നൈല്‍ മെയില്‍ എന്നിവ മുഖാന്തരം അറിയിക്കാവുന്നതാണ്.

◾വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമായ ‘ശ്രീ’ സെപ്റ്റംബര്‍ 15ന് ആണ് റിലീസ് ചെയ്യുക. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടി ജ്യോതികയും പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. ശ്രീകാന്ത് ബൊള്ളായി ചിത്രത്തില്‍ രാജ്കുമാര്‍ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ജന്മനാ കാഴ്ച വൈകല്യമുള്ള ചെറുപ്പക്കാരന്‍ തന്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

◾അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘നിഗൂഢം’. ‘നിഗൂഢ’ത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ., ബെപ്സണ്‍ നോര്‍ബെല്‍ എന്നിങ്ങനെ മൂന്നു പേര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘നിഗൂഢ’ത്തിന്റെ ടാഗ് ലൈന്‍ എ ടെയ്ല്‍ ഒഫ് മിസ്റ്റീരിയസ് ജേര്‍ണി എന്നാണ്. അനൂപ് മേനോനും ഇന്ദ്രന്‍സിനും ഒപ്പം ചിത്രത്തില്‍ സെന്തില്‍ കൃഷ്ണ, റോസിന്‍ ജോളി, ഗൗതമി നായര്‍, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സംഗീതം റോണി റാഫേല്‍ ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍ ആണ്. ഗാനങ്ങള്‍ കൃഷ്ണ ചന്ദ്രന്‍.

◾ഹോണ്ട കാര്‍സ് ഇന്ത്യയുടെ മുന്‍നിര സെഡാന്‍ കാര്‍ ഹോണ്ട സിറ്റിയുടെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും നൂതനമായ ഫീച്ചറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ കാറിന്റെ ഹൈബ്രിഡ് പതിപ്പായ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹോണ്ട സിറ്റിയുടെ വില 11.49 ലക്ഷം രൂപയിലും (എക്‌സ്-ഷോറൂം) സിറ്റി ഹൈബ്രിഡ് സെഡാന്‍ 18.89 ലക്ഷം രൂപയിലും (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. 2023ലെ പുതിയ ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍ നിറം ഉള്‍പ്പെടെ നിരവധി വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് വാഹനം എത്തുന്നത്. ഇതുകൂടാതെ, ഈ സെഡാന്‍ ഇപ്പോള്‍ ഇ20 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ പുതിയ ബിഎസ്6 ഘട്ടം-രണ്ട് ആര്‍ഡിഇ മാനദണ്ഡങ്ങളും പാലിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...