ബൊഗോട്ട : വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ഹെവൻ ക്യെനോട്ട് വെയിറ്റ്’ എന്ന ഡോക്യുമെന്ററി ചിത്രം ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ പ്രദർശനത്തിന്. മാർച്ച് രണ്ടാം തീയതിയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ തീക്ഷ്ണമായി പരിശ്രമിക്കുകയും ഒടുവിൽ പതിനഞ്ചാമത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് മരണമടയുകയും ചെയ്ത കാർളോയുടെ ജീവിതം സ്പർശിച്ച 10 പേരാണ് ചിത്രത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ജോസ് മരിയ സവാളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർളോയുടെ ജീവിതത്തിലെ ഭാഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമ്മയായ അന്റോണിയോ സൽസാനോയും അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
പ്രത്യാശയും, സ്നേഹവും, വിശ്വാസവും നിറഞ്ഞ ചിത്രമാണ് ‘ഹെവൻ ക്യെനോട്ട് വെയിറ്റ്’ എന്ന് ഇന്റർനാഷണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷൻ ഗാബി ജാക്കോബ എസിഐ പ്രൻസ എന്ന മാധ്യമത്തോട് പറഞ്ഞു. ആളുകൾ കൂടുന്നതിനനുസരിച്ച് പ്രദർശനം നീട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതിനാൽ, കത്തോലിക്കാ സമൂഹം മുഴുവൻ ചിത്രം കാണാൻ പോകണമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഓരോരുത്തർക്കും വിശുദ്ധരാകാൻ സാധിക്കുമെന്ന് കാണിച്ചുതരാൻ ദൈവം ഉപകരണമാക്കിയ വാഴ്ത്തപ്പെട്ടവനാണ് കാർളോയെന്ന് ഫ്രണ്ട്സ് ഓഫ് കാർളോ അക്യുട്ടിസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രതിനിധി കാർലോസ് ലെററ്റ് പറഞ്ഞു. ഒരുപാട് ആത്മാക്കളെ രക്ഷിക്കാൻ വേണ്ടിയുള്ള മനസ്താപത്തിലേക്കാണ് ചിത്രം നമ്മെ വിളിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision