ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യനീതി സംഘടനയായ കാരിത്താസ് ഇന്ത്യയുടെയും കെസിബിസി -യുടെ ജെപിഡി, ടെമ്പറൻസ് കമ്മീഷനുകളുടെയും മുഖ്യ ആഭിമുഖ്യത്തിൽ കേരള സോഷ്യൽ സർവ്വീസ് ഫോറം നേതൃത്വം നല്കുന്ന, ‘സജീവം’ എന്ന പേരിൽ നടപ്പാക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രചരണയജ്ഞത്തിന്റെ സംസ്ഥാനതല സംഘാടകർക്കുള്ള പരിശീലന പരിപാടി കോട്ടയം അടിച്ചിറ ആമോസ് സെന്ററിൽ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. വ്യക്തിയുടെ ജീവനെയും ജീവിതത്തെയും ഏറെ മാരകമായും സാമൂഹ്യബന്ധങ്ങളെ ഏറെ വിപരീതമായി ബാധിക്കുകയും ചെയ്യുന്ന ലഹരിക്കെതിരെ തീവ്രമായ പ്രചാരണ പരിപാടിയിലൂടെ സജീവം മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിലെ യുവാക്കളിലും വിദ്യാർത്ഥികൾക്കിടയിലും വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിനിയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേരളം മുഴുവനുമുള്ള 32 കത്തോലിക്കാ രൂപതകളിലുമായി രൂപതാതല സോഷ്യൽ സർവ്വീസ് സൊസൈറ്റികളുടേയും വിവിധ കമ്മീഷനുകളുടെയും സർക്കാരിന്റെയും മറ്റ് വിവിധ സർക്കാർ ഇതര സംവിധാനങ്ങളുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ മുന്നേറ്റമാണ് ‘സജീവം’ പദ്ധതി.
കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തെ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മൂഞ്ഞേലി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോളി പുത്തൻപുര എന്നിവർ സജീവം പദ്ധതിയെക്കുറിച്ചും അതിന്റെ പ്രവർത്തനമേഖലയെക്കുറിച്ചും വിശദമായി സംസാരിക്കുകയും ബോധവത്കരണം നൽകുകയും ചെയ്തു. കാരിത്താസ് ഇന്ത്യയുടെ കേരള പ്രോഗ്രാം ഓഫീസർ അബീഷ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി (CHASS) യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും എൻ.ഐ.എസ്.ടി -യുടെ നാഷനൽ കോർഡിനേറ്ററുമായ ഫാ. തോമസ് കുളത്തുങ്കൽ ഏവർക്കും ലഹരിയുടെ ഭീകരതയെക്കുറിച്ചും ലഹരിയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ചെയ്യാവുന്ന മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായ പരിശീലനം നൽകി. കേരള സോഷ്യൽ സർവീസ് ഫോറം പ്രോഗ്രാം ഓഫീസർ ടോണി സണ്ണി സ്വാഗതം ആശംസിച്ച പരിശീലന പരിപാടിയിൽ സജീവം കേരളയുടെ സ്റ്റേറ്റ് കോർഡിനേറ്റർ ആൽബിൻ ജോസ് നന്ദി പ്രകാശിപ്പിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision