പാലാ വിഷൻ ന്യൂസ്
ഫെബ്രുവരി 25, 2023 ശനി 1198 കുംഭം 13
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
സ്ത്രീ സുരക്ഷയ്ക്ക് മതിൽ കെട്ടിയ കേരളത്തിൽ കഴിഞ്ഞ ആറര വർഷങ്ങൾക്കിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറര വർഷത്തിൽ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ തന്നെ 251 കേസുകളിൽ പൊലീസുകാരാണ് പ്രതികൾ. 2199 കൊലപാതകങ്ങളും ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു. കഴിഞ്ഞ രണ്ട് വർഷമായി കൊലപാതകവും സ്ത്രീ പീഡന കേസുകളും ഉയർന്നു.
രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി. സർക്കാർ ഓഫീസുകളിൽ എത്തുന്ന മനുഷ്യർക്ക് ഇതിന്റെ ദുരിതം അനുഭവിക്കാതെ പുറത്തിറങ്ങാനാകില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനങ്ങളുടെ എല്ലാ തലങ്ങളിലും ഉത്തരവാദിത്വം വേണമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി. ലൈഫ് മിഷൻ അഴിമതിക്കേസിലാണ് നടപടി. അതേസമയം, കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ് റോഡിന്റെ സർവേ. മലയോര ഹൈവേ, പത്തനാപുരം-വാളകം ശബരീ ബൈപാസ് എന്നിവയ്ക്ക് 100 മീറ്റർ അകലത്തിൽ സമാന്തരമായാണ് ഗ്രീൻഫീൽഡ് ഹൈവേയും വരിക. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് യാഥാർഥ്യമായാൽ പത്തനാപുരം ടൗണിന്റെ മുക്കാൽ ഭാഗവും ഇല്ലാതാകും.
ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടിവരും. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലിൽ. ചരിത്രത്തിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ പ്രവേശിക്കുന്നത്.സെമിയിൽ ഇംഗ്ലണ്ടിനെ ആറ് റണ്‍സിനു കീഴടക്കിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. സ്കോർ: ദക്ഷിണാഫ്രിക്ക 164/4 (20), ഇംഗ്ലണ്ട് 158/8 (20). 55 പന്തിൽ 68 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ തസ്മിൻ ബ്രിറ്റ്സ് ആണ് പ്ലെയർ ഓഫ് ദ മാച്ച്.
കേരളം വിട്ടുപോകുന്ന കുട്ടികൾ, ഇത്രയും സ്ഥലം ലോകത്തെങ്ങുമില്ലെന്ന യാഥാർഥ്യം മനസിലാക്കണമെന്നു ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ. യുവതലമുറയെ നമുക്ക് ഒന്നും പഠിപ്പിക്കാൻ കഴിയില്ല, പക്ഷേ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. അക്കരെപ്പച്ച എന്ന ചിന്താഗതി യുവതലമുറ ഉപേക്ഷിക്കണം. വരും തലമുറയ്ക്കായി കേരളം ഒന്നും കരുതിവച്ചിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്. ഉദരരോഗത്തിന് ഒരു ദിവസം ചികിത്സ തേടിയ ആൾക്ക് ഹൃദ്രോഗത്തിനു പണം നൽകിയെന്ന് വിജിലൻസ് കണ്ടെത്തി.കൊല്ലത്ത് ഒരു കേടുമില്ലാത്ത വീട് പുതുക്കി പണിയാൻ നാല് ലക്ഷം അനുവദിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടറെന്നും വിജിലൻസ് കണ്ടെത്തി.
മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഭർത്താവ് ദേവിസിംഗ് ശേഖാവത്ത് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സർവകലാശാല, ലോകായുക്ത അടക്കമുള്ള ഒരു ബില്ലിലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളം വിട്ടു. എട്ടു ബില്ലുകളിൽ ഒപ്പിടണമെന്ന് അഭ്യർഥിച്ചു അഞ്ച് മന്ത്രിമാർ കഴിഞ്ഞ ദിവസം രാത്രി രാജ്ഭവനിൽ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വഴങ്ങാതെയാണ് ഗവർണറുടെ നടപടി.
പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
തങ്ങൾക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്ന് ബിബിസി. തങ്ങളെ മുന്നോട്ട് നയിക്കുന്നത് ലക്ഷ്യമാണെന്നും ബി.ബി.സി. ഡയറക്ടർ ജനറൽ ടിം ഡേവി അറിയിച്ചു. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഇ-മെയിലിലൂടെ നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി തളളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയം സർക്കാർ പരിഗണിക്കേണ്ടതാണെന്നും, തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു.
കശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കശ്മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയ 5.9 ദശലക്ഷം ടൺ വരുന്ന ലിഥിയം നിക്ഷേപമാണ് സർക്കാർ ലേലത്തിൽ വെയ്ക്കുന്നത്. ഇതിനുള്ള നടപടികൾ ഈ വർഷം ജൂൺ ആദ്യ പാദത്തിൽ കേന്ദ്രം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ലിഥിയം ഇന്ത്യയിൽ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്‌കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നും സർക്കാർ നിബന്ധന വയ്ക്കുമെന്നാണ് വിവരം. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ മുഖ്യഘടകമാണ് ലിഥിയം.
കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ് (28) അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷും സംഘവും ചേർന്നാണ് പിടികൂടിയത്.
അരൂരിൽ കഞ്ചാവുമായി അസം സ്വദേശി എക്സൈസ് സംഘത്തിന്റെ പിടിയിൽ. അസം കാമരൂപ് സ്വദേശി ഷാജഹാൻ അലി (31) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചന്തിരൂരിലും പരിസരത്തും അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആളാണ് അറസ്റ്റിലായത്.
യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ആദിച്ചനല്ലൂര്‍ തഴുത്തല കാവുവിള വിളയില്പുത്തന് വീട്ടില്‍ നിഷാദ് ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കൊല്ലം ബൈപാസിന് സമീപം മെഡിസിറ്റി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. ഫോണില്‍ സംസാരിച്ചു നിന്ന നസീറിനെയും സുഹൃത്ത് ധനേഷിനെയുമാണ് നിഷാദും സുഹൃത്ത് കരിക്കോട് സ്വദേശി അഭിലാഷും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഉത്തർപ്രദേശിൽ എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ വെടിവച്ച് കൊന്നു. പ്രയാഗ്രാജിലാണ് സംഭവം.2005ൽ ബഹുജൻ സമാജ് പാർട്ടി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ, കാറിൽ നിന്നും ഇറങ്ങുന്നതിനിടെ അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്
ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. ബിജ്ബെഹറയിലെ ഹസൻപോറ തവേല പ്രദേശത്തെ പള്ളിക്ക് സമീപമാണ് സംഭവം. ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനായിയുടെ മകൻ ആസിഫ് ഗനായ്ക്കാണ് വെടിയേറ്റത്.
ഈസ്‌റ്ററിന് നോമ്പ് എടുക്കുമ്പോൾ മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. തലമുറകള്‍ മാറുമ്പോള്‍ പഴയരീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പും മാറണമെന്നും പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്‌ടം കുറയ്‌ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ്’ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആവശ്യപ്പെട്ടത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. “ക്രിസ്തീയ വിശ്വാസത്തെ കമ്മ്യൂണിസ്റ്റൂവല്‍ക്കരിക്കുക” എന്ന സര്‍ക്കാര്‍ നയം, ചൈനീസ് സംസ്കാരത്തിന്റേയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ക്രൈസ്തവരില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വർഷം ഒക്ടോബറിൽ റോമിൽ ആരംഭിക്കുന്ന സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്ക് അതിരൂപതയുടെ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ ഇന്നലെ തുടക്കം. രൂപതാ, ദേശീയതലത്തിലുള്ള ചർച്ചാസമ്മേളനങ്ങൾക്കുശേഷം നടക്കുന്ന ഈ അസംബ്ലിയിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 17 മെത്രാൻ സമിതികളുടെയും രണ്ടു മെത്രാൻ സിനഡുകളുടെയും പ്രതിനിധികളായി 80 പേരാണു സംബന്ധിക്കുന്നത്. ഞായറാഴ്ച സമ്മേളനം സമാപിക്കും.
ഈസ്റ്റര്‍ ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ നടപടി വിവാദത്തില്‍. ലോകരക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാന തിരുനാള്‍ ഇത്തവണ കൊണ്ടാടുന്ന ഏപ്രില്‍ 9നു നിശ്ചയിച്ച പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ അസംബ്ലികളിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന്‍ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ചാപ്ലൈനായ ഫാ. ഇനയത്ത് ബര്‍ണാര്‍ഡ് പറഞ്ഞു. പ്രവിശ്യ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാമെന്നാണ് പാക്ക് ഭരണഘടനയില്‍ പറയുന്നത്.
ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. തന്റെ പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision