പാലാ വിഷൻ ന്യൂസ്_ പ്രഭാത വാർത്തകൾ
ഫെബ്രുവരി 23, 2023 വ്യാഴം 1198 കുംഭം 11
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. വ്യാജരേകളുണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് വിജിലൻസ്. ഏജന്റുമാർ മുഖേനെയാണ് വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്നത്. ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്.
യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍.എ.സി.)യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച ബെയ്ജിങ്ങില് നടന്നു. അതിർത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.
എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പണം മാർച്ച് 20ന് അകം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പിന്റെ കർശന നിർദേശം. പാലിക്കാത്ത ഉദ്യോഗസ്ഥരിൽനിന്ന് പലിശയടക്കം ഇൗടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പുതിയ നീക്കം.
2024-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി. പാലക്കാട്ടുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദന്പതികളുടെ മകനാണ് മുപ്പത്തിയേഴുകാരനായ രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡന്‍ഷ്യൽ പ്രൈമറിയിൽ മത്സരിക്കാനൊരുങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനായ രാമസ്വാമി, യുഎസിൽ സംരംഭകനും എഴുത്തുകാരനുമാണ്.
യുഎസിലേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, ജോലിക്കായി പോകുന്നവര്‍, ബിസിനസുകാര്‍, ഫാമിലി വിസ വേണ്ടവര്‍ എന്നിവര്‍ക്കായി വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കും. പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി യുഎസ് വിസാ നടപടിക്രമങ്ങള്‍ക്കുള്ള ആയിരം ദിവസമെന്നത് 580 ദിവസമായി കുറയും. മുന്‍പ് യുഎസ് സന്ദര്‍ശിച്ചവരാണെങ്കില്‍ അവര്‍ക്കുള്ള അഭിമുഖം ഒഴിവാക്കല്‍, യുഎസ് എംബസിയിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ജീവനക്കാരുടെ എണ്ണം കൂട്ടല്‍ തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാകും സമയം കുറയ്ക്കല്‍. യുഎസ് വിസാ നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് ഇന്ത്യക്കാണ് മുന്‍ഗണനയെന്നും രാജ്യത്തുടനീളം വിസാ പ്രോസസിങില്‍ 36 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പലസ്തീനിലെ വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 102 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ ആരോഗ്യനില ഗുരുതരമാണ്. നാബ്ലസ് പട്ടണത്തിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെയാണ് പലസ്തീൻ വംശജർ കൊല്ലപ്പെട്ടത്. ഹോസാം ഇസ്ലീം, മുഹമ്മദ് അബ്ദുൾഗനി എന്നീ പലസ്തീനിയൻ പോരാളികളെ പിടികൂടാനുള്ള റെയ്ഡിനായി എത്തിയ ഇസ്രയേൽ സേന പൊതുജനത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബംഗളൂരുവുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി.
ഇസ്രയേലിലേക്കു തീര്‍ഥയാത്ര പോയ സംഘത്തിലെ ആറു പേര്‍ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നില്‍ വന്‍ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ മുങ്ങിയതെന്ന് സംശയിക്കുന്നതായി ഫാ.ജോര്‍ജ് ജോഷ്വ പറഞ്ഞു. വന്‍ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. പാസ്‌പോര്‍ട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തില്‍ 69 വയസ്സുള്ള അമ്മാമമാര്‍ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സർവകാല റെക്കോർഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോൾ വൻ കുതിച്ചുചാട്ടമാണ് കാപ്പി വിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്, കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 19,400 രൂപയായാണ് ഉയർന്നത്. ചരിത്രത്തിൽ ആദ്യമായാണ് കാപ്പിപ്പരിപ്പിന്റെ വില ഇത്രയും ഉയരുന്നത്.
കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ. ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് റോഡ് സേഫ്റ്റി കമ്മീഷണർ കത്തുനൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനും കത്ത് നൽകിയിട്ടുണ്ട്.
ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജു എവിടെയാണെന്ന് അറിയില്ല. ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ബിജു കുര്യന്റെ വിസ റദ്ദക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കർണാടകത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിന്റെ പേര് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. വിവാദങ്ങൾക്ക് വേണ്ടി ടിപ്പു സുൽത്താന്‍റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയിൽ പെട്ടവർ പറയുന്നു. സാഹേബ് സാദാ മൻസൂർ അലിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയായി ഇന്ത്യൻ സൈന്യം നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അവിവാഹിത പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 15 വരെയാണുള്ളത്. വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന തീയതിക്ക് മുൻപ് അപേക്ഷിക്കുന്നവർക്കാണ് അവസരം.
ഇന്ത്യയുടെ ഭൗമാന്തര്‍പാളി ഓരോ വര്‍ഷവും അഞ്ചു സെന്റിമീറ്റര്‍ വീതം തെന്നിനീങ്ങിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഇതുമൂലം ഹിമാലയത്തില്‍ വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു. ഇത് ഭാവിയില്‍ രാജ്യത്ത് വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമായേക്കുമെന്നും പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. എന്‍ പൂര്‍ണചന്ദ്ര റാവു പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും ഇതുസംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ഈ നിർദ്ദേശം നടപ്പിലാക്കിയിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍, അത് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും (പിഡിപി) നാഷണല്‍ കോണ്‍ഫറന്‍സിനെയും (എന്‍സി) മാത്രമേ ബാധിക്കുകയുള്ളൂവെന്ന് ചിലര്‍ കരുതി. ബുള്‍ഡോസറുകള്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കാന്‍ വന്നപ്പോള്‍, ആര്‍ട്ടിക്കിള്‍ 370 സംരക്ഷണമാണെന്ന് ആളുകള്‍ മനസ്സിലാക്കി, ‘പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്ത് മെഹബൂബ മുഫ്തി പറഞ്ഞു.
ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം. മന്ത്രിസഭാ യോഗത്തിലാണ് എയർ സർവീസ് ഉടമ്പടിയ്ക്ക് അംഗീകാരം നൽകിയത്. കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സർക്കാരും തമ്മിലുള്ള ഉടമ്പടിക്കാണ് അംഗീകാരം ലഭിച്ചത്.
ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച സംഘത്തില്‍ നിന്നും ഭീഷണി തുടരുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ. മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
രോഗിയുടെ കാൽമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. മാവൂർ റോഡിലെ നാഷണൽ ആശുപത്രിയിലാണ് കാൽമാറി ശസ്ത്രക്രിയ നടന്നത്. കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരനാണ് ശസ്ത്രക്രിയ നടന്നത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാനാണ് സജിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
സ്വർണ്ണക്കടത്ത് കേസിലെ തർക്കത്തെ തുടർന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയിൽ. താമരശ്ശേരിയിൽ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. അലി ഉബൈർ എന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടി രൂപ മൂല്യം വരുന്ന 1,832 ഗ്രാം അനധികൃത സ്വർണം പിടികൂടി.കേസിൽ കാസർകോഡ് സ്വദേശി സൈഷാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
മലപ്പുറം കുടുംബക്ഷേത്രത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വയോധികയെ അപായപ്പെടുത്താന്‍ ശ്രമിച്ച് പണവും ആഭരണങ്ങളും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഹബീബുള്ളയെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.
ജര്‍മ്മനിയിലെ ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയത്തിലും, പാരീസിലെ വിവിധ ദേവാലയങ്ങളിലും നടന്ന തീകൊളുത്തിയുള്ള ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ മതപീഡന നിരീക്ഷക സംഘടന. ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അസഹിഷ്ണുതയും വിവേചനവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘ഒബ്സര്‍വേറ്ററി ഫോര്‍ ദി ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ്’ (ഒഐഡിഎസി) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മഡലൈന്‍ എന്‍സ്ല്‍ബര്‍ഗര്‍ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളെ ലക്ഷ്യമിട്ടുള്ള മതവിദ്വേഷപരമായ ആക്രമണങ്ങളാണിതെന്നു സംഘടന ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു.
നിക്കരാഗ്വേ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചും മതഗൽപ്പ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ആക്ടിവേറ്റ്, സോളിഡാർട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾ മെക്‌സിക്കോ സിറ്റിയിലെ നിക്കരാഗ്വൻ എംബസിയിൽ നിവേദനം നൽകി. 11,000 പേര്‍ രേഖപ്പെടുത്തിയ ഒപ്പു സഹിതമാണ് നിവേദനം സമര്‍പ്പിച്ചത്. മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ദുരുപയോഗങ്ങളെയും അപലപിച്ച് അംഗങ്ങൾ സമാധാനപരമായ പ്രകടനവും പ്രാർത്ഥനയോഗവും കഴിഞ്ഞ ദിവസം നടത്തിയിരിന്നു.
പുതിയതായി കണ്ടെത്തിയ നാല് ഛിന്നഗ്രഹങ്ങൾക്ക് ഗ്രിഗറി പതിമൂന്നാമന്‍ മാർപാപ്പയുടെയും ജെസ്യൂട്ട് സമൂഹാംഗങ്ങളായ വൈദികരുടെയും പേരുകൾ നൽകി. ഇന്റർനാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ, സ്മോൾ ബോഡീസ് നോമിൻക്ലേച്ചറാണ് പുതിയ ഛിന്നഗ്രഹങ്ങളുടെ വിശദാംശങ്ങളും, അവയുടെ പേരുകളും ഫെബ്രുവരി മാസം ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരു ഛിന്നഗ്രഹത്തിന്റെ പേര് 560974 ഉഗോബോൻകോംപാഗ്നി എന്നാണ്. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയോടുള്ള ആദരസൂചകമായാണ് അതിന് അങ്ങനെ പേരിട്ടത്. പാപ്പയുടെ യഥാർത്ഥ പേര് ഉഗോ ബോൻകോംപാഗ്നി എന്നായിരുന്നു. പുതിയ കലണ്ടറിന് രൂപം നൽകാൻ ഫാ. ക്രിസ്റ്റഫർ ക്ലാവിയൂസ് എന്ന ജെസ്യൂട്ട് വൈദികനെ പതിനാറാം നൂറ്റാണ്ടിൽ നിയോഗിക്കുന്നത് ഗ്രിഗറി മാർപാപ്പയാണ്. അതിനാലാണ് കലണ്ടറിന് ഗ്രിഗോറിയൻ കലണ്ടർ എന്ന പേര് വന്നത്.
ഭൂകമ്പത്തിനു ഇരയായി അതികഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തുര്‍ക്കിയിലെ ഏഴായിരത്തിലധികം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അനാറ്റോളിയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പാവ്ലോ ബിസെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ആയിരങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision