കാഞ്ഞാർ: കാഞ്ഞാർ സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂളിൽ അതിഗംഭീരമായി ഓണം ആഘോഷിച്ചു. കേരളത്തനിമ വിളിച്ചോതി ഓലക്കുട ചൂടിയ മാവേലി മന്നനും മലയാളി മങ്കമാരും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് പൂമ്പാറ്റകളെപ്പോലെ പറന്നുനടന്ന കുരുന്നുകളുടെ പങ്കാളിത്തം ശ്രദ്ധേയമായി.
അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന നാടൻ കളികളും ഓണപ്പാട്ടുകളും ആഘോഷത്തിന്റെ തനിമ പകർന്നു. സ്കൂൾ മാനേജർ ഫാ. ജോർജ് പാറേക്കുന്നേൽ ഓണസന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു, കാരിവേലിൽ കുരുവിള, പി. ടി. എ. പ്രസിഡൻ്റ് ഷോബിൻ എന്നിവർ ആശംസകൾ നേർന്നു.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന്, പി. ടി. എ. അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ കഴിച്ച്, ഓണാശംസകൾ കൈമാറി എല്ലാവരും സന്തോഷത്തോടെ മടങ്ങി.














