മറ്റക്കര: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ വേത്താനത്ത് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഓരോ ക്ലാസിലെയും കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച പൂക്കൾ ഉപയോഗിച്ച് മനോഹരമായ അത്തപ്പൂക്കളം ഒരുക്കിയത് പ്രധാന ആകർഷണമായിരുന്നു. പൂക്കളത്തിന് ചുറ്റുമിരുന്ന് കുട്ടികൾ ഓണപ്പാട്ടുകൾ പാടിയും, തിരുവാതിര കളിച്ചും സൗഹൃദം പങ്കുവെച്ചു. മലയാളി മങ്ക, മലയാളി മാമൻ, വടംവലി, റൊട്ടിക്കടി, വിവിധതരം നൃത്തങ്ങൾ തുടങ്ങിയ മത്സരങ്ങൾ ആവേശം നിറച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പി.ടി.എ., എം.പി.ടി.എ. എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒരുമിച്ചിരുന്ന് സദ്യ കഴിച്ചത് സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും നല്ല നിമിഷങ്ങളായി.
സ്കൂൾ ചെയർപേഴ്സൺ അൽഫോൻസ് ജെ. തെക്കേടം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.














