ജോസഫ് ഉല്‍മായും പത്നി വിക്ടോറിയയും, ഗര്‍ഭവതിയായിരുന്ന വിക്ടോറിയയുടെ ഉദരത്തിലുള്ള ശിശു ഉള്‍പ്പെടെ ഏഴ് മക്കളും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
പോളണ്ടില്‍ നിരാലംബരായ യഹൂദര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ നാസികള്‍ കൊന്നൊടുക്കിയ ഉല്‍മ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന തീയതി പ്രഖ്യാപിച്ചു. ജോസഫ് ഉല്‍മായും പത്നി വിക്ടോറിയയും, ഗര്‍ഭവതിയായിരുന്ന വിക്ടോറിയയുടെ ഉദരത്തിലുള്ള ശിശു ഉള്‍പ്പെടെ ഏഴ് മക്കളും അടങ്ങുന്ന കുടുംബത്തെ വരുന്ന സെപ്റ്റംബര്‍ 10-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുമെന്ന് പ്രസെമിസ്കാ അതിരൂപത വ്യക്തമാക്കി. ഉല്‍മ കുടുംബം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട തെക്ക്-കിഴക്കന്‍ പോളണ്ടിലെ മാര്‍കോവ ഗ്രാമത്തില്‍വെച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമെരാരോ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഇക്കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ, ഉല്‍മ കുടുംബത്തിന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവെച്ചതോടെയാണ് ഉല്‍മ കുടുംബത്തേ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇതിന് പിന്നാലേ നാമകരണ തീയതി വത്തിക്കാന്‍ പ്രഖ്യാപിക്കുകയായിരിന്നു. നാസികളാല്‍ കൊലചെയ്യപ്പെട്ട യഹൂദരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന വേള്‍ഡ് ഹോളോകോസ്റ്റ് റിമംബറന്‍സ് സെന്റര്‍ ഉല്‍മ കുടുംബത്തെ തങ്ങളുടെ ജീവത്യാഗത്തിന്റെ പേരില്‍ ‘രാഷ്ട്രങ്ങളിലെ നീതിമാന്‍മാര്‍’ എന്ന പേരിലാണ് ആദരിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision