മാരാമൺ: സമത്വത്തിന്റെ അവസ്ഥയിലേക്കുള്ള സാമൂഹിക ഘടന രൂപപ്പെടുത്തിയെങ്കിൽ മാത്രമേ സമൂഹം ഇന്നു നേരിടുന്ന തിന്മകൾക്കു പരിഹാരമാകുകയുള്ളൂവെന്നും ക്രൈസ്തവ സാന്നിധ്യമുള്ളിടത്ത് സാമൂഹികമായ അസമത്വങ്ങളെ പ്രതിരോധിക്കാനായിട്ടുണ്ടെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് സാമൂഹിക തിന്മകൾക്കെതിരേ നടന്ന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ശിക്ഷകൾ വർദ്ധിപ്പിച്ചതു കൊണ്ട് തിന്മകളെ പ്രതിരോധിക്കാനാകില്ല. സ്നേഹിക്കാനും പങ്കുവയ്ക്കാനും കഴിയുന്ന ഒരു സമൂഹസൃഷ്ടിയാണ് ആവശ്യമായിട്ടുള്ളതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സാന്നിധ്യമുള്ളിടത്ത് സാമൂഹികമായ അസമത്വങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനായിട്ടുണ്ട്. ക്രൈസ്തവ സന്ദേശത്തിന്റെ അസ്തിത്വമായ തുടർച്ചയാണ് മനുഷ്യനെ മഹത്വത്തിലേക്കു നയിക്കുകയെന്നത്. സഹോദരന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കാതെ ക്രൈസ്തവനായി ജീവിക്കാൻ സാധ്യമല്ല. പലരും കടന്നുചെല്ലാൻ മടിച്ചിരുന്ന സ്ഥലങ്ങളിൽപോലും ക്രൈസ്തവ സഭകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളുമൊക്കെ നമ്മുടെ സമൂഹത്തെ ഏറെ മുന്നിലെത്തിച്ചു. തെരുവുകുട്ടികൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെങ്കിൽ അതിനു കാരണം സഭകൾ ആരംഭിച്ച ബാലികാ ബാല ഭവനങ്ങളാണ്. മാനവികത നിലനിർത്തി അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കി മനുഷ്യാവകാശങ്ങൾ സംരക്ഷിച്ച് മുന്നേറാനായിട്ടുള്ളത് ക്രൈസ്തവികതയിൽ ഊന്നിയ തത്വചിന്തകളിലൂടെയാണെന്നും ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision