ആലുവ ജനസേവയുടെ നുതന പദ്ധതിയായ ‘പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ദാന’ പരിപാടിയുടെ ജില്ലാതല ഉത്ഘാടനം പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് നിര്‍വ്വഹിച്ചു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പഠനത്തില്‍ മികവു പുലര്‍ത്തിയ 6 വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചാണ് അദ്ദേഹം ചടങ്ങ് നിര്‍വ്വഹിച്ചത്. 1996 ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ച അതേ വേദിയില്‍തന്നെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് സന്നിഹിതനായിരുന്ന എനിക്ക് ആലുവ ജനസേവയുടെ മറ്റൊരു ജീവകാരുണ്യ പദ്ധതി ആരംഭിക്കുന്നതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥമതികളായ ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ വ്യാജാരോപണങ്ങള്‍ നിരത്തി 2018 ല്‍ സര്‍ക്കാര്‍ ജനസേവ ശിശുഭവന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഇതരസംസ്ഥാനക്കാരായ കുട്ടികളെ ജനസേവയില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ജനസേവ ശിശുഭവന്‍ 2021 ല്‍ പൂട്ടിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ ശക്തിയോടെ ജനസേവ വീണ്ടും നിര്‍ധന വിദ്യാര്‍ത്ഥികളുടെ സഹായത്തിനെത്തുകയാണെന്ന് ജനസേവ സ്ഥാപകന്‍ ജോസ് മാവേലി പറഞ്ഞു. ആലുവ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനസേവ സ്ഥാപകന്‍ ജോസ് മാവേലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ധു കെ. എം., വാര്‍ഡ് കൗണ്‍സിലര്‍ മിനി ബൈജു, ജനസേവ ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, ഡോ. സി.എം. ഹൈദരാലി, ചിന്നന്‍ പൈനാടത്ത്, ജോബി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
1996 ല്‍ സന്മനസുള്ളവരുടെ കൂട്ടായ്മയില്‍ ആരംഭിച്ച ആലുവ ജനസേവ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. കുട്ടികള്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പരിപാടിയും ആലുവ ജനസേവയുടെ ആദ്യപദ്ധതികളായിരുന്നു. 1999 ല്‍ തെരുവിലലയുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനും ആരംഭിച്ചു. 24 വര്‍ഷംകൊണ്ട് രണ്ടായിത്തോളം കുട്ടികളെ തെരുവിലെ ക്രൂരതകളില്‍നിന്നും രക്ഷിച്ച് സന്തോഷ് ട്രോഫി താരമുള്‍പ്പെടെ നിരവധി ജില്ലാ സംസ്ഥാന കായിക താരങ്ങള്‍, ബാങ്ക് ജീവനക്കാര്‍, നഴ്‌സ്മാര്‍, പോലീസ് ഉദ്യോഗസ്ഥന്‍, ആയുര്‍വേദ തെറാപ്പിസ്റ്റുമാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്യൂട്ടീഷന്‍മാര്‍, ഷെഫുമാര്‍, ഇതര സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാര്‍, ടെക്‌സ്റ്റൈല്‍ ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയുടെ അഭിമാനമായി ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision