ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയില്‍ ഇന്ന്
ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. ഹൈക്കോടതി നാളെയും മറ്റന്നാളും അവധിയാണെന്നതും എന്‍ഐഎ കോടതി നാളെ പ്രവര്‍ത്തിക്കുമെന്നതും
കണക്കിലെടുത്താണ് നീക്കം. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇതുകൂടി വച്ചുകൊണ്ട് എന്‍ഐഎ കോടതിയെ സമീപിക്കാനാണ് നീക്കം. സഭാ നേതൃത്വവും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഒരുമിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.














