സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ് ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. മൊൺസെറാറ്റിലുള്ള പരിശുദ്ധ മാതാവിന്റെ ദേവാലയത്തെക്കുറിച്ച് കേട്ട വിശുദ്ധന്‍ മൊൺസെറാറ്റില്‍ പോയി പരിശുദ്ധ കന്യകയുടെ തിരുമുമ്പില്‍ ഇരു കൈകളും ഉയര്‍ത്തി ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകികൊണ്ട് ക്രിസ്തുവിന്റെ പോരാളിയായി മാറുകയായിരിന്നു.
പിന്നീട് തന്റെ ആഡംബര വസ്ത്രങ്ങള്‍ ഒരു ഭിക്ഷക്കാരന് ദാനം ചെയ്യുകയും, ചണനാരുകള്‍ കൊണ്ട് നെയ്ത പരുക്കന്‍ വസ്ത്രം ധരിച്ചുകൊണ്ട് മാന്‍റെസായിലേക്ക് പോകുകയും ചെയ്തു. ഒരു വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. അക്കാലത്ത് തനിക്ക് ധര്‍മ്മമായി ലഭിച്ചിരുന്ന വെള്ളവും, അപ്പവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ ഉപവസിച്ചു. ഒരു ചങ്ങല തന്റെ അരയില്‍ ധരിച്ചുകൊണ്ട് നാരുകള്‍ കൊണ്ടുള്ള കുപ്പായം ധരിക്കുകയും, വെറും നിലത്ത് കിടന്നുറങ്ങുകയും ചെയ്ത വിശുദ്ധന്‍, ലോഹം കൊണ്ട് പലപ്പോഴും തന്റെ ശരീരത്തില്‍ പീഡനങ്ങള്‍ ഏല്‍പ്പിക്കുക പതിവായിരിന്നു.
ഏറ്റവും കഠിനമായ യാതനകളും, ഒരു പക്ഷേ മരണം വരെ സംഭവിച്ചേക്കാവുന്ന രീതിയിലുള്ള പീഡനങ്ങളും, കാരാഗ്രഹവാസവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യേശുവിനു വേണ്ടി ഇതില്‍ കൂടുതല്‍ സഹിക്കുവാന്‍ ഇഗ്നേഷ്യസ് തയ്യാറായിരുന്നു. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അതേ സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യത്തിലും, ദൈവശാസ്ത്രത്തിലും ബിരുദധാരികളും, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവരുമായ ഒമ്പത് സഹചാരികള്‍ക്കൊപ്പം വിശുദ്ധന്‍ മോണ്ട്മാര്‍ട്രേയില്‍ വെച്ച് ഒരു കൂട്ടായ്മക്ക് രൂപം നല്‍കി. ഇതായിരുന്നു പിന്നീട് റോമില്‍വെച്ച് സ്ഥാപിക്കപ്പെട്ട ഈശോ സഭയുടെ ആദ്യ അടിത്തറ.
പിശാചിനെ അടിച്ചമര്‍ത്താനുള്ള വിശുദ്ധന്റെ ശക്തി അത്ഭുതകരമായിരുന്നു. ദിവ്യപ്രകാശത്താല്‍ വിശുദ്ധന്റെ മുഖം വെട്ടിത്തിളങ്ങുന്നതിനു വിശുദ്ധ ഫിലിപ്പ് നേരിയും, മറ്റുള്ളവരും സാക്ഷികളായിട്ടുണ്ട്. അവസാനം തന്റെ അറുപത്തഞ്ചാമത്തെ വയസ്സില്‍, താന്‍ ജീവിത കാലം മുഴുവന്‍ പ്രഘോഷിച്ച തന്റെ ദൈവത്തിന്റെ പക്കലേക്ക് വിശുദ്ധന്‍ യാത്രയായി. ഇഗ്നേഷ്യസിന്റെ അത്ഭുത പ്രവര്‍ത്തനങ്ങളും, സഭക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങളും വിശുദ്ധനെ വളരെയേറെ ആദരണീയനാക്കി. ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പായാണ് ഇഗ്നേഷ്യസ് ലൊയോളയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്.













