സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും ചെയ്തു. ക്രിസ്തീയവിശ്വാസത്തില്ലൂന്നിയ ഒരു ജീവിതമായിരുന്നു ആ രണ്ടു സഹോദരിമാരും നയിച്ചിരുന്നത്. ദരിദ്രരെ സഹായിക്കുവാനുള്ള ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. അവരുടെ ആ ആദരണീയമായ ജീവിതത്തിന് യോജിച്ച വിധത്തിലുള്ള രക്തസാക്ഷിത്വ കിരീടമാണ് ദൈവം അവര്‍ക്ക് സമ്മാനിച്ചത്.
വിഗ്രഹാരാധാകരുടെ ഒരു ഉത്സവത്തിന് ഉപയോഗിക്കുവാന്‍ വേണ്ടി മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആ സഹോദരിമാര്‍ തയ്യാറായില്ല. അതിന്റെ ദേഷ്യത്തില്‍ ആ നഗരത്തിലെ വിജാതീയര്‍ അവരുടെ വീടാക്രമിച്ച് അവര്‍ നിര്‍മ്മിച്ച മണ്‍പാത്രങ്ങളെല്ലാം തന്നെ തകര്‍ത്തു, വിഗ്രഹാരാധകരുടെ ദേവതയായിരുന്ന വീനസിന്റെ ഒരു പ്രതിമ തകര്‍ത്തുകൊണ്ടാണ് ആ സഹോദരിമാര്‍ അതിനെതിരെ പ്രതികരിച്ചത്. അതേതുടര്‍ന്ന് ആ നഗരത്തിലെ ഗവര്‍ണറായിരുന്ന ഡയോജെനിയാനൂസ്, ജസ്റ്റായേയും, റുഫീനയേയും തടവിലിടുവാന്‍ ഉത്തരവിട്ടു. അവരേകൊണ്ട് തങ്ങളുടെ ക്രിസ്തീയ വിശ്വാസമുപേക്ഷിപ്പിക്കുവാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ വൃഥാവിലായപ്പോള്‍ അവരെ ഒരു പീഡനയന്ത്രത്തില്‍ ബന്ധിച്ച് ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് മര്‍ദ്ദിച്ചു.
ആ പീഡനയന്ത്രത്തിന്റെ സമീപത്തായി സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവെച്ച ഒരു വിഗ്രഹവും ഉണ്ടായിരുന്നു. ആ വിഗ്രഹത്തിന് ബലിയര്‍പ്പിക്കുകയാണെങ്കില്‍ അവരെ തങ്ങളുടെ പീഡനങ്ങളില്‍ നിന്നും മോചിപ്പിക്കാമെന്ന് അവരോട് പറഞ്ഞെങ്കിലും ക്രിസ്തുവിലുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു. തുടര്‍ന്ന് അവരെ നഗ്നപാദരായി സിയറാ മോരേനയിലേക്ക് നടത്തിക്കുകയുണ്ടായി. ഈ വക പീഡനങ്ങള്‍ക്കൊന്നും ഈ വിശുദ്ധരെ തളര്‍ത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ വീണ്ടും തടവറയിലടച്ചു. തടവറയില്‍ അവര്‍ക്ക് ഭക്ഷിക്കുവാനോ, കുടിക്കുവാനോ യാതൊന്നും നല്‍കിയില്ല. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല.
ആ സഹോദരിമാരില്‍ ജസ്റ്റായായിരുന്നു ആദ്യം മരണത്തിന് കീഴടങ്ങിയത്. തന്റെ സഹോദരിയുടെ മരണത്താല്‍ റുഫീന തന്റെ വിശ്വാസം ഉപേക്ഷിക്കുമെന്നായിരുന്നു ഗവര്‍ണറുടെ കണക്ക് കൂട്ടല്‍. പക്ഷേ ധീരയായിരുന്ന വിശുദ്ധ തന്റെ വിശ്വാസം ഉപേക്ഷിച്ചില്ല.
ഇതുകണ്ട് രോഷാകുലനായ ഡയോജെനിയാനൂസ് വിശുദ്ധയെ ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും, അവളുടെ മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തു.