കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധൻ’ എന്നറിയപ്പെട്ടിരുന്ന ദൈവദാസൻ ഫോർത്തുനാത്തൂസ് തൻഹോയ്സറിനെ വിശുദ്ധപദവിലേക്ക് ഉയർത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും. തുടർന്ന് പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ സമാപന നടപടികൾ പൂർത്തിയാകും. നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച്, മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിക്കും. പാസ്റ്ററൽ സെന്ററിൽ നടത്തുന്ന ഔദ്യോഗിക സമാപന കർമ്മം രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
ജർമ്മനിയിലെ ബെർലിനിൽ 1918-ൽ ജനിച്ച ഫോർത്തുനാത്തൂസ്, ഹോസ്പിറ്റലർ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസസമൂഹത്തിൽ ചേർന്ന് 1936 – ൽ വ്രതം ചെയ്ത് സമർപ്പണ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന ദൈവദാസൻ അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം 1969 – ൽ ആതുരശുശ്രൂഷ ഏറ്റവും ആവശ്യമായിരുന്ന ഹൈറേഞ്ചിലെ കട്ടപ്പനയിൽ സേവനത്തിനായി എത്തി. ചെറിയ ഒരു ഡിസ്പെൻസറി സ്ഥാപിച്ച് മലയോരപ്രദേശത്തെ ആയിരക്കണക്കിന് കുടിയേറ്റകർഷകർക്കും ആദിവാസികൾക്കും വലിയ ശുശ്രൂഷ ചെയ്തു. പാവപ്പെട്ടവർക്കും അശരണർക്കും ആശ്വാസം നൽകുവാൻ ഹോസ്പിറ്റലർ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡിന്റെ ഭാരതത്തിലെ ആദ്യ ഭവനം കട്ടപ്പനയിൽ സ്ഥാപിച്ചു. ഭവനരഹിതർക്ക് പാർപ്പിടവും കുട്ടികൾക്ക് പഠനസഹായവും രോഗികൾക്ക് ചികിത്സാസഹായവും നൽകിയ ഫോർത്തുനാത്തൂസ് ബ്രദറിനെ ആളുകൾ ‘വല്ല്യച്ചൻ’ എന്ന വിളിപ്പേരുനല്കി. രോഗീശുശ്രൂഷയ്ക്കായി ആരംഭത്തിൽ സ്ഥാപിച്ച ചെറിയ ഡിസ്പെൻസറി, സെന്റ് ജോൺസ് ഹോസ്പിറ്റലും നേഴ്സിംഗ് കോളേജും ഫാർമസി കോളേജുമായി വികസിച്ച് ഇന്ന് ഹൈറേഞ്ചിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നു. ആതുരശുശ്രൂഷ ആത്മാർപ്പണത്തോടുകൂടി നടത്തുവാൻ 1977-ൽ ദൈവദാസൻ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് എന്ന സന്ന്യാസിനി സമൂഹത്തിനു തുടക്കം നൽകി.
2005 നവംബർ 21-ാം തീയതി ബ്രദർ ഫോർത്തൂനാത്തൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വൈസ് പോസ്റ്റുലേറ്റർ ബ്രദർ ഫ്രാൻസിസ് മണ്ണാപറമ്പിലിന്റെ അപേക്ഷപ്രകാരം 2014 നവംബർ 22-ാം തീയതി കട്ടപ്പന സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വച്ച് ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ച്, രൂപതാ നാമകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റവ. ഡോ. ജെയിംസ് തലച്ചെല്ലൂർ (എപ്പിസ്കോപ്പൽ ഡലിഗേറ്റ്), റവ. ഡോ. മൈക്കിൾ വട്ടപ്പലം (പ്രൊമോട്ടർ ഓഫ് ജസ്റ്റീസ്), റവ. ഡോ. സി. നിർമ്മല കുര്യാക്കോസ് ടഇഖ(നോട്ടറി), റവ. സി.ആൽഫി സെബാസ്റ്റ്യൻ ടഇഖഏ (അസി.നോട്ടറി) എന്നിവരടങ്ങുന്ന നാമകരണ കോടതിയാണ് നടപടികൾ പൂർത്തിയാക്കിയത്. 2022 ഡിസംബർ 15-ാം തീയതി കട്ടപ്പനയിലെ ബ്രദേഴ്സിന്റെ സിമിത്തേരിയിലെ കബറിടം തുറന്ന് ഭൗതികാവശിഷ്ടം മെഡിക്കൽ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ച് ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡിന്റെ ചാപ്പലിൽ പുനർസംസ്ക്കരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചതും അല്ലാതെയുമുള്ള എല്ലാ രേഖകളും പരിശോധിക്കുവാനും പഠിക്കുവാനും റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ ചെയർമാനും റവ. ബ്രദർ വിൻസെന്റ് കൊച്ചംകുന്നേൽ ,
റവ. സി. റീനാ മരിയ ടഇഖ അംഗങ്ങളുമായുള്ള ചരിത്ര കമ്മിറ്റി പഠിച്ച് സൂക്ഷ്മമായ റിപ്പോർട്ടു നൽകുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തിന്റെ രചനകളെല്ലാം ഒരു ദൈവശാസ്ത്ര കമ്മീഷൻ പഠിച്ച് വിലയിരുത്തി റിപ്പോർട്ടും സമർപ്പിച്ചു. കമ്മീഷനുകളുടെയും നാമകരണ കോടതിയുടെയും റിപ്പോർട്ടുകളും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുവാനായി തയ്യാറാക്കി, നാമകരണ നടപടികളുടെ സമാപന സമ്മേളനത്തിൽ സമർപ്പിക്കുന്നതാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision