കോണ്‍ഗ്രസിനെ അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നാണ് ഹൈക്കമാന്റിന് നേരത്തെ ലഭിച്ച
റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന ഉടന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പിസിസി, ഡിസിസി നേതൃത്വത്തില്‍ പുനഃസംഘടന നടത്താന്‍ നിര്‍ദേശമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുനഃസംഘടന
വേഗത്തിലാക്കണമെന്നും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.













