ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ്.
നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ദ്ധനവോട് കൂടി ഇത് 34 ശതമാനം ആകും. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്‍റെ ഗുണം ലഭിക്കും.
മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ദ്ധനവ്. സര്‍ക്കാരിന് 9544 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് വര്‍ദ്ധനവ് പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്.