2025 മെയ് 22 വ്യാഴം 1199 ഇടവം 08
വാർത്തകൾ
🗞️👉 മെഗാ വിദ്യാഭ്യാസ പ്രദർശന മേള ശനിയാഴ്ച്ച
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു. ‘എഡ്യുഫെയർ’ എന്ന പേരിൽ 2025 മെയ് 24 ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ചാണ് എക്സ്പോ നടത്തപ്പെടുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളും , വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും. ആട്സ്, എൻജിനിയറിംഗ്,
എം.ബി.ബി.എസ്., മെഡിക്കൽ & പാരമെഡിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിനും, അഡ്മിഷൻ നേടുന്നതിനും മേളയിൽ അവസരം ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ രാവിലെ പത്ത് മണിക്ക് കരിയർ ഗൈഡൻസ് സെഷൻ, കൂടാതെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയും മേളയിൽ ഉള്ളടങ്ങിയിരിക്കുന്നു. എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, ഡോൺ ജോസഫ് സോണി, നിഖിൽ ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകും.
🗞️👉 ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവ രാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 2026 മാര്‍ച്ച് 31 മുന്‍പ് നക്‌സലിസം പൂര്‍ണമായും മോദി സര്‍ക്കാര്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. അന്വേഷണ ഏജന്‍സി തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെ ഏറ്റുമുട്ടലില്‍ 27 മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
🗞️👉 സ്‌കൂൾ ബസ് ആക്രമണം; ഇന്ത്യയ്ക്ക് പങ്കെന്ന പാക് ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം
പാകിസ്താനിലെ ബലൂച്ചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കെന്ന പാകിസ്താൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ സ്വഭാവമായി മാറിയിരിക്കുന്നു. ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുക തന്നെ ചെയ്യും. വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം നടത്തുന്നത്.
🗞️👉 കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് മുൻകൂർ ജാമ്യം
കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ, കെ മാത്യു, ബൈജു ജോബ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.