2025 മെയ് 18 ഞായർ 1199 ഇടവം 04
വാർത്തകൾ
🗞️👉 നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മ ദിനത്തിൽ നസ്രാണി സമുദായ ഐക്യ യോഗം
May 27 ചൊവ്വ 3.30 pm കുറവിലങ്ങാട് – കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ
കുറവിലങ്ങാട് – കോഴയിൽ മാണി കത്തനാരുടെ ജന്മഗൃഹത്തിൽ എഴു (7 )നസ്രാണി സഭകളിൽ നിന്നുമുള്ള അഭി. മെത്രാന്മാരും വൈദികരും അൽമായ വിശ്വാസികളും പങ്കെടുക്കും. നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാപനത്തിൽ ഉണ്ടായിരുന്ന മഹത്തായ പ്രസ്ഥാനവും ആശയവും പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും നിധീരിക്കൽ മാണിക്കത്തനാരുടെയും സംയുക്ത നേതൃത്വത്തിൽ ഉള്ളതായിരുന്നല്ലോ. ഈ മഹത്തായ ആശയത്തിന് ഇന്നും പ്രസക്തിയുണ്ട്. മാർത്തോമാ നസ്രാണികൾ ഒന്നിച്ചുനിൽക്കുന്നതിനുള്ള അടിസ്ഥാനദർശനത്തിലൂന്നി ആണ് ഈ കൂട്ടായ്മ ഉദ്ദേശിക്കുന്നത്.
🗞️👉 മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയൻ കാൻസർ ചികിത്സാരംഗത്തെ നൂതന രീതികളും ആശയങ്ങളും പങ്ക് വയ്ക്കുന്ന പഠന സെമിനാറുകൾ ആരോഗ്യപ്രവർത്തകർക്കു പ്രോൽസാഹനം പകരുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
🗞️👉 ഏറ്റുമാനൂർ ഗവൺമെൻറ് ഗേൾസ് സ്കൂളിൽ ഇനി ബോയ്സും പഠിക്കും
ഏറ്റുമാനൂർ: 134 -വർഷത്തെ പാരമ്പര്യമുള്ള ഏറ്റുമാനൂർ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ ഈ വർഷം ബോയ്സും പഠിക്കും. 2025-അധ്യായന വർഷം ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഗവൺമെൻറ് അനുമതി നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
🗞️👉 ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് പാഴ്സൽ വാനിൽ ഇടിച്ചു കയറി അപകടം
എം സി റോഡിൽ ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് സമീപം ശനിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് അപകടം ഉണ്ടായത്. എംസി റോഡിൽ നിന്നും ബാറിലേക്ക് പാഴ്സൽ വാൻ കയറുന്നതിനിടയിൽ വൈക്കം ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കെഎസ്ആർടിസി ബസിന്റെയും, വാനിന്റെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ പോലീസ് അപകടസ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.
🗞️👉 പ്രധാനമന്ത്രി ഭീകരാക്രമണങ്ങൾക്ക് ഉചിതമായ മറുപടി നൽകി; അമിത് ഷാ
പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ 100 കിലോമീറ്റർ ഉള്ളിലെ ക്യാമ്പുകൾ നശിപ്പിച്ച് കൊണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്ക് നേരെ ഭീകര പ്രവർത്തനം നടന്നാൽ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കുമെന്ന് അദേഹം വ്യക്തമാക്കി.
🗞️👉 കോഴിക്കോട് വീട്ടിൽ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. അനൂസ് വിദ്യാർത്ഥിയാണ്. വൈകിട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയത്.
🗞️👉 കോഴ കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കോഴ കേസിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലൻസ്. അറസ്റ്റിലായ വിൽസൺ, മുകേഷ്, രഞ്ജിത്ത് വാര്യർ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറുമായി ചേർന്ന് പ്രതികൾ പണം തട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട്
🗞️👉 കേദാർനാഥിൽ എയർ ആംബുലൻസ് ഹെലികോപ്ടർ ഭാഗികമായി തകർന്നു
ഉത്തരാഖണ്ഡ് ഋഷികേശ് എയിംസ് ആശുപത്രിയുടെ ‘സഞ്ജീവനി’ എയർ ആംബുലൻസിന് കേദാർനാഥിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാറിന് തുടർന്ന് നടത്തിയ അടിയന്തര ലാൻഡിങ്ങിൽ ഹെലികോപ്റ്റർ ഭാഗികമായി തകർന്നു.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
🗞️👉 ബെംഗളൂരുവിൽ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊന്നു
ബെംഗളൂരുവിൽ ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. സിഗററ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 29കാരനായ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. സഞ്ജയ് സുഹൃത്ത് ചേതനുമായി പുലർച്ചെ നാല് മണിക്ക് കടയിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് പ്രതി പ്രതീകുമായി തർക്കമുണ്ടായത്.