മലബാറിന്റെ മഹാമിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്.ജെ. എന്ന സുക്കോളച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങു ജനുവരി ആറിന് പരിയാരം മരിയാപുരം നിത്യസഹായ ദൈവാലയത്തിൽ നടന്നു. രാവിലെ ഒൻപതിന് സുക്കോളച്ചന്റെ കബറിടത്തിൽ ആരംഭിച്ച പ്രാർത്ഥനകൾക്ക് ശേഷം ദൈവദാസനായി ഉയർത്തിക്കൊണ്ടുള്ള വത്തിക്കാന്റെ ഡിക്രി വായിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇറ്റലിയിലെ ത്രെന്തോ അതിരൂപതാ മുൻ ആർച്ചുബിഷപ്പ് ഡോ. ലൂയിജി ബ്രെസാൻ മുഖ്യകാർമ്മികത്വം വഹിച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തി.
സുക്കോളച്ചനെ കാണാൻ എത്തുന്നവരെ സ്വാഗതം ചെയ്തിരുന്നത് ‘അച്ചനെ കാണുന്നതിനു മുമ്പ് ദേവാലയത്തിൽ പ്രാർത്ഥിക്കുക’ എന്ന ലിഖിതമായിരുന്നു. നിങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി എന്ന നൽകുന്നവൻ അവിടെയാണ് എന്ന് ജനങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു ആ വാചകം. ദേവാലയത്തിൽ എത്തുന്നവർ ദൈവത്തെ കാണുന്നു, തനിക്കരികിൽ എത്തുന്ന അശരണരിൽ താൻ ദൈവത്തെ കാണുന്നു എന്ന് തന്റെ ജീവിതം കൊണ്ട് അച്ചൻ പഠിപ്പിച്ചു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെടുന്ന സുക്കോളച്ചൻ കലങ്ങിയ കണ്ണുകളോടെ തന്റെ മുമ്പിൽ യാചനകളുമായി എത്തുന്നവരെ ഒരിക്കലും കൈവിട്ടിരുന്നില്ല. നൽകുവാൻ തന്റെ കയ്യിൽ പണം ഇല്ലെങ്കിൽ ഊണുമേശയിലെ പഴവർഗ്ഗങ്ങളെങ്കിലും നൽകിയേ അച്ചൻ ആരെയും തിരിച്ചയച്ചിരുന്നുള്ളൂ. 7,0000 -ലധികം വീടുകൾ അച്ചൻ നിർമ്മിച്ചു നൽകിയ സുക്കോളച്ചൻ ചോർന്നൊലിക്കാതിരിക്കാൻ പ്ലാസ്റ്റിക് വിരിച്ച ഓടുമേഞ്ഞ കെട്ടിടത്തിൽ രണ്ട് ബഞ്ചുകൾ ചേർത്തുവച്ച് അതിനു മുകളിൽ ഒരു പായ വിരിച്ചാണ് കിടന്നുറങ്ങിയിരുന്നത്. കിണറുകൾ, തൊഴിലവസരങ്ങൾ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാൻ വേണ്ടതെല്ലാം അച്ചൻ നൽകി.. വീടിന് ആവശ്യമായ മര ഉരുപ്പിടികൾ തന്റെ പണിശാലയിൽ നിന്നും അച്ചൻ പണിതുനൽകി. ആ ചുവരുകൾക്കുള്ളിൽ നിന്നും തൊഴിൽ പഠിച്ച് ജീവിതമാർഗ്ഗം കണ്ടെത്തിയവർ അനേകരാണ്. ഒന്നിനും അച്ചൻ കണക്കുകൾ സൂക്ഷിച്ചിരുന്നില്ല. തന്റെ സഹായം പറ്റുന്നവർ അർഹരോ, അനർഹരോ എന്ന് അദ്ദേഹം നോക്കിയില്ല. കണക്കുകൾ നോക്കുന്ന സർവ്വശക്തനിൽ എല്ലാം സമർപ്പിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision